ആലപ്പുഴയിൽ സ്‌കൂട്ടർ തട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

07:27 PM Dec 30, 2024 | AVANI MV

ഹരിപ്പാട്: ആലപ്പുഴയിൽ സ്‌കൂട്ടർ തട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ക്രിസ്തുമസ് ദിവസം  രാത്രി ഏഴേകാലോടെ കായംകുളം-കാർത്തികപ്പളളി റോഡിൽ മുതുകുളം ഉമ്മർമുക്കിലായിരുന്നു അപകടം. മുതുകുളം വടക്ക് കളത്തിൽ വീട്ടിൽ ജെ. ചന്ദ്രബാബു(56)വാണ് മരിച്ചത്. റോഡിന് സൈഡിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നുവാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് സ്കൂട്ടർ ഇടിച്ചത്.

മെഡിക്കൽ സ്റ്റോറിൽ നിന്നും റോഡിലേക്കിറങ്ങി നടക്കവേ പിന്നിൽ നിന്നെത്തിയ സ്കൂട്ടർ  ചന്ദ്രബാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: പി. അമ്പിളി. മക്കൾ: കെ.സി. ചന്ദ്രകാന്ത്, കെ.സി. സൂര്യകാന്ത്. മരുമക്കൾ:  അശ്വതി അശോകൻ, മായാലക്ഷ്മി.