കണ്ണൂര്‍ : കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ഗ്ലോബല്‍ ജോബ് ഫെയറിന്റെ പ്രചരണ ക്യാമ്പയിന്റെ ഭാഗമായുള്ള 'വാക് വിത്ത് മേയര്‍' പരിപാടി ഞായറാഴ്ച നടക്കും.
വൈകിട്ട് നാലിന് പയ്യാമ്പലം ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബീച്ചിലെത്തിയവരുമായി സംവദിക്കും. പരിപാടിക്ക് മാറ്റുകൂട്ടാന്‍ വ്‌ളോഗര്‍മാരും പങ്കെടുക്കും. പരിപാടിയുടെ സമാപനത്തില്‍ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
ഗ്ലോബല്‍ ജോബ് ഫെയറിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്. ക്യാമ്പസ് ഇന്‍ മേയര്‍, വ്യാപാരി വ്യവസായികളുമൊത്ത് മുഖാമുഖം തുടങ്ങിയ പരിപാടികളും നടത്തിയിരുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് www.kannurglobaljobfair.com എന്ന വെസ്ബൈറ്റിലൂടെ ഗ്ലോബല്‍ ജോബ് ഫെയറിനായി രജിസ്റ്റര്‍ ചെയ്യാം. തൊഴിലധിഷ്ഠിത എക്‌സ്‌പോ, എജ്യുക്കേഷന്‍ ആന്‍ഡ് കരിയര്‍ ഫെസ്റ്റിവല്‍, ആഗോള തൊഴില്‍ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, പ്രസന്റേഷനുകള്‍, കോര്‍പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളില്‍ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ നിരവധി സെഷനുകളും ജോബ് ഫെയറിന്റെ ഭാഗമായി നടക്കും. ബ്രാന്റ്‌ബേ മീഡിയയുടെ സഹകരണത്തോടെയാണ് കോര്‍പ്പറേഷന്‍ ഗ്ലോബല്‍ ജോബ് ഫെയര്‍ നടത്തുന്നത്.