
ആലപ്പുഴ : കഞ്ചാവ് പിടികൂടിയെന്ന കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്സൈസ്. കേസില്‍ നേരത്തെ പ്രതി ചേര്‍ത്തിരുന്ന മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കി എക്സൈസ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പട്ടികയിലുണ്ടായിരുന്ന മൂന്ന് പ്രതികള്‍ മാത്രമാണ് കേസിലുള്‍പ്പട്ടതെന്നാണ് എക്സൈസ് ഇപ്പോള്‍ പറയുന്നത്. ഒഴിവാക്കിയ പ്രതികള്‍ക്ക് കേസില്‍ പങ്കില്ലെന്നടക്കം ചൂണ്ടിക്കാട്ടി എക്സൈസ് ഉടന്‍ കുറ്റപത്രവും സമര്‍പ്പിക്കും.
കഴിഞ്ഞ ഡിസംബര്‍ 28 നാണ് എംഎല്‍എയുടെ മകന് ഉള്‍പ്പെടെ 9 പേരെ തകഴിയില്‍ നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസും എടുത്തു. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ആപരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എംഎല്‍എയുടെയുമടക്കം മൊഴി എടുത്തിരുന്നു.