ആലപ്പുഴ കായംകുളത്ത് ദേശീയപാതയ്ക്ക് വേണ്ടി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രിയില്‍ കെപിഎസി ജംഗ്ഷനിലെ കുഴിയില്‍ വീണാണ് എരുമകുഴി സ്വദേശി ആരോമല്‍ മരിച്ചത്. രാത്രിയില്‍ വീട്ടിലേക്ക് പോകുംവഴി സര്‍വീസ് റോഡിലുള്ള കുഴിയിലേക്ക് ആരോമല്‍ വാഹനവുമായി വീഴുകയായിരുന്നു.
കുഴിയില്‍ വലിയ കോണ്‍ക്രീറ്റ് പാളിയും വെള്ളവുമുണ്ടായിരുന്നു. കോണ്‍ക്രീറ്റില്‍ തലയടിച്ചുള്ള പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇതിന് മുന്‍പും ഇത്തരത്തില്‍ അപകടങ്ങള്‍ സ്ഥലത്ത് സംഭവിച്ചിട്ടുണ്ട് എന്നും എന്നാല്‍ കുഴികള്‍ക്ക് സമീപം യാതൊരു അപകടമുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.
അതേസമയം കായംകുളത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് മറ്റൊരു അപകടവും ഉണ്ടായി. കായംകുളം സ്വദേശി നബീഷയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ദേശീയപാതായക്കെടുത്ത കുഴികളുടെ പരിസരത്ത് കനത്ത ഇരുട്ടായതിനാല്‍ കുഴികള്‍ കാണാന്‍ സാധിക്കാഞ്ഞതാണ് അപകടങ്ങളുടെ കാരണം. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കൊളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.