'രക്ഷിതാക്കളുടെ താൽപര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവർക്ക് പൊലീസ് സംരക്ഷണം നേടാനാവില്ല' : അലഹബാദ് ഹൈകോടതി

01:35 PM Apr 17, 2025 | Neha Nair

ലഖ്നോ: രക്ഷിതാക്കളുടെ താൽപര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവർക്ക് പൊലീസ് സംരക്ഷണം നേടാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. ജീവനും സ്വാതന്ത്ര്യത്തിനും യഥാർത്ഥ ഭീഷണിയുണ്ടെങ്കിൽ മാത്രമേ പൊലീസ് സംരക്ഷണം നൽകാനാവുവെന്നും കോടതി നിരീക്ഷിച്ചു.

അർഹതപ്പെട്ട ദമ്പതികൾക്ക് മാത്രമേ സുരക്ഷ നൽകാൻ നിർദേശിക്കാനാവു. എന്നാൽ, ഭീഷണിയില്ലാത്ത ദമ്പതികൾ പരസ്പരം പിന്തുണച്ച് സമൂഹത്തെ നേരിടണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടേതാണ് നിരീക്ഷണം.ശ്രേയ കേസർവാണിയും ഭർത്താവുമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയത്. ഹരജിക്കാർ ഗുരുതരമായ ഭീഷണി നേരിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരുടെ റിട്ട് ഹരജി തള്ളിയത്.

റിട്ട് ഹരജിയിൽ ഇപ്പോൾ ഉത്തരവിടേണ്ട ആവശ്യമില്ല. ഗൗരവകരമായ ഭീഷണി ദമ്പതികൾ നേരിടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവുകൾ നിലവിലുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ വേണ്ടി ഒളിച്ചോടിയ യുവാക്കൾക്ക് സംരക്ഷണം നൽകാൻ കോടതികൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹരജിക്കാരെ ബന്ധുക്കൾ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചതിന് തെളിവുകളൊന്നുമില്ലെന്നും അതിനാൽ പ്രത്യേക സംരക്ഷണം നൽകാൻ നിർദേശിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് ഹരജി തള്ളുകയായിരുന്നു.