ഷൈന്‍ ടോം ചാക്കോക്കെതിരെയുള്ള ആരോപണം ; താരസംഘടനയുടെ നിലപാട് ഇന്നു പ്രഖ്യാപിക്കും

07:12 AM Apr 18, 2025 | Suchithra Sivadas

ഷൈന്‍ ടോം ചാക്കോക്കെതിരെയുയര്‍ന്ന ആരോപണങ്ങളില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. ഷൈനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും. ഷൈനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമടക്കം ഇതിനോടകം സംഘടനയ്ക്കുളളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. 

എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രം അന്തിമ തീരുമാനമെന്നാണ് അഡ്‌ഹോക് കമ്മിറ്റി നിലപാട്. ഇതിനിടെ ഷൈനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കേസെടുക്കുന്ന കാര്യത്തില്‍ പോലീസില്‍ ആശയകുഴപ്പം തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിന്‍സിയോട് സംസാരിച്ച ശേഷമാകും പോലീസ് കേസെടുക്കണോയെന്ന തീരുമാനമെടുക്കുക. അതെ സമയം ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ എങ്ങോട്ടാണ് പോയതെന്ന പോലീസ് അന്വേഷണം തുടരുകയാണ്. എന്നാല്‍ നടന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പരിഹാസ പോസ്റ്റുകളുമായി സജീവമാണ്.