സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം ; നടി ശിൽപ ഷെട്ടി

02:15 PM Dec 18, 2025 | Neha Nair

മുംബൈ : സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നടി ശിൽപ ഷെട്ടി. താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ശിൽപ ഷെട്ടി പറഞ്ഞു. സാമൂഹിക മാധ്യമമായ ഇൻസ്റ്റാ​ഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. മുംബൈ പൊലീസിന്റെ എഫ്ഐആറിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസ് റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതിയുടെ പരി​ഗണനയിലാണെന്നും അവർ കുറിച്ചു.

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കഴിഞ്ഞ ദിവസം മുംബൈ പോലീസ് വഞ്ചനാക്കുറ്റം കൂടി ചുമത്തിയിരുന്നു. പിന്നാലെയാണ് നടിയുടെ പ്രതികരണം. വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയിലാണ് കേസ് അന്വേഷണം നടക്കുന്നത്. ശില്പ ഷെട്ടിയും ഭർത്താവും ഡയറക്ടർമാരായ ഹോം ഷോപ്പിംഗ് ഓൺലൈൻ പ്ലാറ്റ് ഫോമായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി 60 കോടി രൂപ നിക്ഷേപമായും വായ്പയായും വാങ്ങി വകമാറ്റി ചെലവഴിച്ച് പിന്നീട് തരാതെ വഞ്ചിച്ചുവെന്നായിരുന്നു ദിലീപ് കോത്താരിയുടെ പരാതി. ആഗസ്റ്റിൽ ജുഹു പോലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നൽകുന്നത്. പിന്നീട് അത് സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന മുംബൈ പൊലീസിന്റെ പ്രത്യേക വിഭാഗത്തിന്ന് കൈമാറി. ഇവർ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദിലീപ് കോത്താരിയിൽ നിന്നും ലഭിച്ച തുക വകമാറ്റി നടിമാരായ ബാപാഷാ ബാസുവിനും നേഹാ ദുപിയയുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നൽകിയത് മോഡലിംഗ് ചെയ്തതിനുള്ള ഫീസാണെന്ന് കുന്ദ്ര വെളിപെടുത്തിയെങ്കിലും എന്തോക്കെ മോഡലിംഗെന്നു വെളിപെടുത്താൻ തയാറായില്ല. ഇതോടെയാണ് കോത്താരിയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് പൊലീസിന് മനസ്സിലാകുന്നത്. നോട്ട് നിരോധന കാലം മുതൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പണം നൽകാത്തത് ഇതുമൂലമെന്നുമാണ് കുന്ദ്ര പൊലീസിന് നൽകിയിരിക്കുന്ന മോഴി. കള്ളപണം വെളുപ്പിക്കൻ നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ഇവർക്കെതിരെ എഫ്ഐആറിൽ ചേർത്തിട്ടുണ്ട്. ഇത് ഇരുവരുടെയും സ്വത്തു കണ്ടുകെട്ടലിലേക്ക് നീങ്ങാൻ വരെ പര്യാപ്തമായ വകുപ്പുകളാണ്. വരും ദിവസങ്ങളിൽ ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന വിവരം.