മമ്മൂട്ടിയും, മുരളിയും, അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് അമരം. 33 വർഷങ്ങൾക്ക് ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തിയറ്ററുകളിൽ എത്തുകയാണ്. 4k ദൃശ്യ മികവോടെ നവംബർ ഏഴിന് ചിത്രം റി-റിലീസ് ചെയ്യും. മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രമാണ് അമരം. ചെമ്മീനിന് ശേഷം കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞൊരു മനോഹര ചിത്രമാണിത്. ലോഹിതദാസിന്റെ തിരക്കഥയിൽ മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാനായിരുന്ന ഭരതൻ ഒരുക്കിയ ഈ ചിത്രം വിഖ്യാത ഛായാഗ്രാഹകൻ മധു അമ്പാട്ടിന്റെ കാമറക്കണ്ണിലൂടെ മലയാളികൾ കണ്ട ഒരു ദൃശ്യകാവ്യമായിരുന്നു.
ഈ ഭരതൻ ചിത്രത്തിലൂടെ കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു. ബാബു തിരുവല്ലയാണ് ചിത്രത്തിൻറെ നിർമാതാവ്. ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും നമുക്ക് അമരം എന്ന ചിത്രത്തിലെ ദൃശ്യങ്ങളിലുടനീളം കണ്ടറിയാനാകും. രവീന്ദ്ര സംഗീതത്തിൻറെ ഭാവങ്ങളാണ് ചിത്രത്തിലെ ഗാനങ്ങളിൽ നിറയുന്നതെങ്കിൽ ജോൺസൺ മാഷിൻറെ പശ്ചാത്തല സംഗീതവും കൈതപ്രത്തിന്റെ വരികളും അമരത്തെ കൂടുതൽ മനോഹരമാക്കുന്നത്. ചിത്രം കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുന്നത് ഫിയോകാണ്. ഓവർസീസിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത് സൈബർ സിസ്റ്റംസ്.
മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തിൽ ഇമോഷണൽ ഡ്രാമയായി എത്തിയ അമരം തിയേറ്ററിൽ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം നടത്തിയത്. മദ്രാസിലെ തിയേറ്ററുകളിലും 50 ദിവസത്തോളം അമരം നിറഞ്ഞ സദസുകളെ നേടി. റി റിലീസ് ട്രെൻഡ് പിന്തുടർന്ന് മമ്മൂട്ടിയുടെ ചില സിനിമകൾ റീ റിലീസ് ചെയ്‌തെങ്കിലും മോഹൻലാൽ ഉണ്ടാക്കിയ ഓളം സൃഷ്ടിക്കാൻ ഇതിൽ ഒരു സിനിമക്കും കഴിഞ്ഞില്ല. റിപ്പീറ്റ് വാല്യുവുള്ള എന്റർടൈനറുകൾ റീ റിലീസ് ചെയ്യണമെന്നാണ് മമ്മൂട്ടിയുടെ ആരാധകർ ആവശ്യപ്പെടുന്നത്. രാജമാണിക്യം, ധ്രുവം, ബിഗ് ബി, മായാവി തുടങ്ങിയ സിനിമകളെല്ലാം റീ റിലീസ് ചെയ്യണമെന്നും അഭിപ്രായങ്ങളുണ്ട്.