ന്യൂഡല്‍ഹി: ദിവസവും 20 ലക്ഷത്തോളം രൂപ വരുമാനം നേടുന്ന ബ്രാന്‍ഡിനെ വിലയ്ക്കെടുക്കാനുള്ള ആമസോണ്‍ ശ്രമം പാളിയപ്പോള്‍ ആ ബ്രാന്‍ഡിനെ ഇല്ലാതാക്കാന്‍ ശ്രമം നടത്തിയതായി ആരോപണം. ഗ്രേപ്വിന്‍ സ്ഥാപകന്‍ സൗമില്‍ ത്രിപാഠി എക്സില്‍ പങ്കിട്ട ഒരു കുറിപ്പിലാണ് ആഗോള കോര്‍പ്പറേറ്റിനെതിരെ ആരോപണം ഉന്നയിച്ചത്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലെ തന്റെ ഉയര്‍ച്ചയും തകര്‍ച്ചയും വിവരിക്കുന്ന ഒരു നീണ്ട പോസ്റ്റ് ആഗോള കുത്തകകള്‍ എങ്ങനെ ബ്രാന്‍ഡുകളെ തകര്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്.
2017-ല്‍ തന്റെ അപ്പാര്‍ട്ട്മെന്റിനായി ബജറ്റിന് അനുയോജ്യമായ സ്റ്റോറേജ് ആശയങ്ങള്‍ക്കായി തിരയുമ്പോള്‍, ആമസോണ്‍ ഇന്ത്യയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായി കണ്ടെത്തിയതോടെയാണ് പുതിയ ബ്രാന്‍ഡുമായി എത്താന്‍ ത്രിപാഠിക്ക് പ്രേരണയായത്.
അന്ന് 300 ഉല്‍പ്പന്നങ്ങള്‍ വാങ്ങി ആമസോണിലൂടെ വിറ്റു. ഏകദേശം 50 മണിക്കൂറിനുള്ളില്‍ മുഴുവനും വിറ്റുപോയി. 2.5 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ ചെലവഴിച്ചത്. ലാഭമെത്തിയതോടെ 7.5 ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങി. അതും അതേ വേഗതയില്‍ വിറ്റഴിഞ്ഞതോടെ പിന്നീട് തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല.
രണ്ട് മാസത്തിന് ശേഷം, ആമസോണിലും ഫ്ലിപ്കാര്ട്ടിലുമായി അദ്ദേഹം പ്രതിദിനം 20 ലക്ഷത്തോളം വരുമാനം നേടി. മാര്‍ജിനുകള്‍ 15%-25% ന് ഇടയിലായിരുന്നു. അതായത് ദിവസം 3-5 ലക്ഷം രൂപ വരെ ലാഭം.
തന്റെ ഉയര്‍ച്ച ആമസോണ്‍ ശ്രദ്ധിച്ചുവെന്നും അവര്‍ തന്റെ പ്രവര്‍ത്തനത്തില്‍ അതീവ താല്പര്യം കാണിച്ചെന്നും സംരംഭകന് പറഞ്ഞു. തുടര്‍ന്ന് ആമസോണിലെ വിദഗ്ധര്‍ ഉപദേശവുമായി എത്തിത്തുടങ്ങി. അവരുടെ സഹായത്തോടെ, അദ്ദേഹം ബിസിനസ് വിപുലീകരിക്കുകയും വില്ക്കാന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ചെയ്തു. നിര്‍മ്മാതാക്കളുമായി നേരിട്ട് ഇടപാടുകള്‍ നടത്താന്‍ ചൈനയിലേക്ക് പോയി.
ഇതിനിടയിലാണ് ആമസോണ്‍ അവരുടെ ഇന്‍-ഹൗസ് ബ്രാന്‍ഡായ സോളിമോയ്ക്കൊപ്പം തന്റെ ബ്രാന്‍ഡ് സ്വന്തമാക്കാനുള്ള ഒരു ഓഫര്‍ നല്‍കിയത്. എന്നാല്‍, അത് നിരസിച്ചു. ഇതോടെ ആമസോണ്‍ ആ ബ്രാന്‍ഡിനെ തകര്‍ക്കാനുള്ള ശ്രമം ആരംഭിച്ചു.
കുറച്ച് മാസങ്ങള്‍ക്ക് ശേഷം, ആമസോണിന്റെ സോളിമോ സമാനമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു നേരിട്ടുള്ള എതിരാളിയായി മാറി. വിലകുറച്ചായിരുന്നു വില്‍പ്പന. ഇതോടെ ത്രിപാഠിയുടെ ബിസിനസ് താഴേക്കുപോയി. അദ്ദേഹത്തിന്റെ ദൈനംദിന വരുമാനം കുറയുകയും ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനുള്ള സ്റ്റോറേജ് ഫീസ് ഭാരമായി മാറുകയും ചെയ്തു. ഇതോടെ തന്റെ ഉല്‍പ്പന്നങ്ങള്‍ വിലകുറഞ്ഞ നിരക്കില്‍ വിറ്റഴിക്കേണ്ടതായിവന്നു.
നിലവില്‍ താന്‍ ദരിദ്രനല്ലെന്ന് ത്രിപാഠി പറയുന്നു. ഇപ്പോഴും മികച്ച സമ്പാദ്യങ്ങളും ആസ്തികളും ഉണ്ട്. എന്നാല്‍ എന്നെയും എന്റെ കുടുംബത്തെയും പരിപാലിക്കാന്‍ കഴിയുമായിരുന്ന ഒരു ബിസിനസ്സിലേക്ക് ഈ ബ്രാന്‍ഡിനെ സ്കെയില്‍ ചെയ്യാനുള്ള സാധ്യത ഇല്ലാതായെന്നും അദ്ദേഹം പറയുന്നു.