പാരിസ് : ഫ്രാൻസിന്റെ ഓവർസീസ് ടെറിട്ടറിയായ തെക്കെ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ കൊടും കുറ്റവാളികൾക്കായി അതിസുരക്ഷാ ജയിൽ നിർമിക്കുന്നു. ആമസോൺ വനത്തിനുള്ളിലെ സാൻലൊറോൺ ദു മറോനി എന്ന സ്ഥലത്താണ് ജയിൽ നിർമിക്കുന്നത്. ഫ്രാൻസിലെ ജയിലിനുള്ളിൽ ഉദ്യോഗസ്ഥരെ കുറ്റവാളികൾ ആക്രമിക്കുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് രാജ്യത്തിന് പുറത്ത് മറ്റൊരു ജയിലിലേക്ക് ഇവരെ മാറ്റാൻ തീരുമാനിച്ചത്.
ജയിൽ നിർമാണവുമായി ബന്ധപ്പെട്ട് ഫ്രാൻസിന്റെ ജസ്റ്റിസ് വകുപ്പ് മന്ത്രി ജെറാൾഡ് മൂസ ജീൻ ഡാർമാനിൻ ഫ്രഞ്ച് ഗയാന സന്ദർശിച്ചിരുന്നു. പുതിയ ജയിലിൽ 500 പേരെ പാർപ്പിക്കാനുള്ള സൗകര്യങ്ങളാണ് ആദ്യം ഒരുക്കുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ച് പ്രത്യേകം തരംതിരിച്ചാകും കുറ്റവാളികളെ പാർപ്പിക്കുക. 40 കോടി യൂറോ (ഏകദേശം 3845 കോടി രൂപ) മുടക്കിയാണ് ഫ്രഞ്ച് ഗയാനയിൽ അതിസുരക്ഷാ ജയിൽ സ്ഥാപിക്കുക. 2028 ഓടെ പ്രവർത്തനക്ഷമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ.
ഫ്രാൻസിലെ ജയിലിലുള്ള ലഹരി മാഫിയ സംഘങ്ങൾ ജയിലിന് പുറത്തുള്ള സംഘങ്ങളുമായി ആശയവിനിമയം നടത്താറുണ്ട്. ജയിലിനുള്ളിലിരുന്ന് പുറത്തെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നവരുമുണ്ട്. ഇതൊക്കെ ഒഴിവാക്കാനാണ് പുതിയ ജയിൽ നിർമിക്കുന്നത്. ഔദ്യോഗികമായി ഫ്രാൻസിന്റെ ഭാഗമാണെങ്കിലും യൂറോപ്പിന് പുറത്തുള്ള ഫ്രഞ്ച് ഗയാനയിലേക്ക് കുറ്റവാളികളെ മാറ്റിയാൽ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്രാൻസിൽ നിന്നുള്ള കുറ്റവാളികളെ പാർപ്പിക്കാനുള്ള പ്രദേശമായി ഫ്രഞ്ച് അധിനിവേശ കാലത്ത് രൂപംകൊണ്ടതാണ് ഫ്രഞ്ച് ഗയാന. 1852 നും 1954 നും ഇടയിൽ ഫ്രാൻസിന്റെ പ്രധാന ഭൂഭാഗത്തുനിന്ന് 70,000 കുറ്റവാളികളെ ഇവിടേക്ക് അയച്ചിരുന്നു. ഇതിൽ ഭൂരിഭാഗം ആളുകളും അതിജീവിക്കാനാകാതെ മരണപ്പെട്ടിരുന്നു.