ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി തന്റെ വിമർശനം വീണ്ടും ശക്തമാക്കി. പാർലമെന്റിലെ ചൂടേറിയ ഏറ്റുമുട്ടലിന് ശേഷം അമിത് ഷാ വളരെ പരിഭ്രാന്തനായും കടുത്ത മാനസിക സമ്മർദ്ദത്തിലുമാണ് കാണപ്പെട്ടതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. “അമിത് ഷാ ഇന്നലെ വളരെ പരിഭ്രാന്തനായിരുന്നു. അദ്ദേഹം മോശം ഭാഷ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുകയായിരുന്നു. കടുത്ത മാനസിക സംഘർഷത്തിലാണ്,” എന്നും അത് എല്ലാവരും കണ്ടതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും ഷാ വ്യക്തമായ മറുപടി നൽകിയില്ലെന്നും അദ്ദേഹത്തിന്റെ പക്കൽ ഒരു തെളിവുപോലും ഉണ്ടായിരുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
താൻ നടത്തിയ വാർത്താ സമ്മേളനങ്ങളിൽ ഉന്നയിച്ച “വോട്ട് മോഷണം” സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് നേർക്കുനേർ സംവാദത്തിന് താൻ അദ്ദേഹത്തെ വെല്ലുവിളിച്ചെങ്കിലും അതിന് ഉത്തരം ലഭിച്ചില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മൂന്ന് വാർത്താ സമ്മേളനങ്ങളിലും ഉന്നയിച്ച വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ അദ്ദേഹം ഷായെ വെല്ലുവിളിച്ചു.
ഡിസംബർ 10 ന് ലോക്‌സഭയിൽ വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ (Special Intensive Revision – SIR) സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് രാഹുൽ ഗാന്ധിയും അമിത് ഷായും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായത്.വോട്ട് മോഷണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച വിഷയങ്ങളിൽ ചർച്ച നടത്താൻ രാഹുൽ ഗാന്ധി അമിത് ഷായെ വെല്ലുവിളിച്ചു. ആഭ്യന്തരമന്ത്രി തന്റെ വാർത്താസമ്മേളനങ്ങളിൽ നിന്ന് ചില തെരഞ്ഞെടുത്ത ഉദാഹരണങ്ങൾ മാത്രമാണ് വിശദീകരിച്ചതെന്നും മുഴുവൻ വിഷയങ്ങളും ചർച്ച ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ഇതിന് മറുപടിയായി,”ഞാൻ എന്ത് സംസാരിക്കണം എന്ന് താനാണ് തീരുമാനിക്കുക” എന്നും “പാർലമെന്റ് നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കില്ല” എന്നും അമിത് ഷാ ശക്തമായി പ്രതികരിച്ചു.SIR വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള ഒരു നടപടിയാണെന്ന് ഷാ വാദിച്ചു. കൂടാതെ, ജനാധിപത്യത്തെ കോൺഗ്രസ് അട്ടിമറിച്ചു എന്നും ചില കുടുംബങ്ങൾ തലമുറകളായി വോട്ട് മോഷ്ടിക്കുന്നവരാണെന്നും ഷാ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണർമാർ പദവിയിലിരിക്കെ എടുക്കുന്ന ഏത് നടപടിക്കും എന്തുകൊണ്ടാണ് നിയമപരിരക്ഷ നൽകിയതെന്ന് ആദ്യം മറുപടി നൽകണമെന്ന് രാഹുൽ ഗാന്ധി തിരിച്ചും അമിത് ഷായോട് ആവശ്യപ്പെട്ടു.