ഒമാനില്‍ റൈസൂത്ത് അല്‍ മുഗ്‌സൈല്‍ റോഡില്‍ ഇരട്ടപ്പാത നിര്‍മിക്കാനുള്ള കരാറായി

01:42 PM Jan 31, 2025 | Suchithra Sivadas

ഒമാനില്‍ റൈസൂത്ത് അല്‍ മുഗ്‌സൈല്‍ റോഡില്‍ ഇരട്ടപ്പാത നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഗതാഗത മന്ത്രാലയം അണ്ടര്‍സെക്രട്ടറി എന്‍ജിനീയര്‍ ഖാമിസ് ബിന്‍ മുഹമ്മദ് അല്‍ ഷമ്മാഖി, ഒമാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ചെയര്‍മാന്‍ സയീദ് ബിന്‍ മുസ്ലിം അല്‍ കതിരി, ഫ്യൂച്ചര്‍ ഇന്നൊവേഷന്‍ കമ്പനി സിഇഓ ഡോ.മിശ്ഹാല്‍ ബിന്‍ത് അവാദ് മുഹമ്മദ് അല്‍ സയാരി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഏകദേശം 35 മില്ല്യണ്‍ ഒമാന്‍ റിയാല്‍ ചെലവുവരുന്ന ഈ പദ്ധതി ദോഫാര്‍ ഗവര്‍ണറേറ്റിലെ ഗതാഗത സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തും.  

ഒരേ ദിശയില്‍ രണ്ട് പാതകള്‍, 6 മേല്‍പ്പാതകള്‍, അടിപ്പാതകള്‍, അനിമല്‍ ക്രോസിങ്ങുകള്‍, റെസൂത്ത് മുതല്‍ മുഗ്‌സൈല്‍ വരെ ബന്ധിപ്പിച്ചു കൊണ്ടുള്ള റൗണ്ട് എബൗട്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് റൈസൂത്ത് അല്‍ മുഗ്‌സൈല്‍ ഇരട്ടപ്പാത നിര്‍മാണ പദ്ധതി. പതിനെട്ടാമത് നവംബര്‍ റോഡിനെ സലാല സെന്ററുമായും യമനുമായുള്ള സര്‍ഫൈത്ത് അതിര്‍ത്തിയുമായും ബന്ധിപ്പിക്കുകയും ചെയ്യും. ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രധാന റോഡുകള്‍, ഗതാഗത സംവിധാനം, ട്രാഫിക്, സുരക്ഷ എന്നിവ വര്‍ധിപ്പിക്കുന്നതിലുള്ള പദ്ധതിയുടെ പങ്കിനെ എന്‍ജിനീയര്‍ ഖാമിസ് എടുത്തുപറഞ്ഞു.