അമരാവതി: ആന്ധ്രാപ്രദേശിൽ മൂന്നാമതൊരു കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) വിജയനഗരം എം.പി കാളിസെറ്റി അപ്പലനായിഡു.
മൂന്നാമത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ തന്റെ ശമ്പളത്തിൽ നിന്ന് 50,000 രൂപയും ആൺകുട്ടിയാണെങ്കിൽ പശുവിനെയും നൽകുമെന്ന് അപ്പലനായിഡു വാഗ്ദാനം ചെയ്തു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന യോഗത്തിലാണ് അപ്പലനായിഡുവിന്റെ പ്രഖ്യാപനം.
ജനസംഖ്യാ വളർച്ച പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് എം.പിയുടെ പരാമർശം. ജനസംഖ്യാ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് അപ്പലനായിഡുവിന്റെ വാഗ്ദാനം.
ഇതിനുപുറമെ, കുട്ടികളുടെ എണ്ണം പരിഗണിക്കാതെ എല്ലാ പ്രസവങ്ങൾക്കും വനിത ജീവനക്കാർക്ക് ഇനിമുതൽ പ്രസവാവധി അനുവദിക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. നേരത്തെ, വനിതാ ജീവനക്കാർക്ക് രണ്ട് പ്രസവങ്ങൾക്ക് മാത്രമായി ആറ് മാസത്തെ പൂർണ്ണ ശമ്പളത്തോടുകൂടിയ പ്രസവാവധിക്കാണ് അർഹതയുണ്ടായിരുന്നത്.