അമരാവതി: ആഡ്രാ പ്രദേശില്‍ മകളെ കൊലപ്പെടുത്തിയ 55 കാരന്‍ പൊലീസില്‍ കീഴടങ്ങി. ഗുണ്ടക്കല്‍ സ്വദേശി രാമാഞ്ജനേയുലു കൊല നടത്തിയത് മകളുടെ പ്രണയബന്ധം അംഗീകരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട ഭരതി എന്ന പെണ്‍കുട്ടി കുര്‍ണൂലില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
ഭാരതി അഞ്ചുവര്‍ഷമായി ഹൈദരാബാദില്‍ ബിരുദവിദ്യാര്‍ത്ഥിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം ഭാരതിയുടെ മാതാപിതാക്കള്‍ അറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ബന്ധം അംഗീകരിക്കാന്‍ മതാപിതാക്കള്‍ തയ്യാറായില്ല.
എതിര്‍പ്പ് ശക്തമായപ്പോള്‍ ഭാരതി അമ്മയോട് സംസാരിക്കാതിരിക്കുകയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് രാമാഞ്ജനേയുലു മകളെ കൊലപ്പെടുത്തുകയായിരുന്നു. മകളെ ഹോസ്റ്റലില്‍ നിന്നും വിളിച്ച് കൊണ്ടുവന്ന് കസപുരം ഗ്രമത്തിലെ വീടിനടുത്തുള്ള മരത്തില്‍ കെട്ടിത്തൂക്കി. മൃതശരീരം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു.