
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ. കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ മറിയം സാറയാണ് മരിച്ചത്. കഴുത്തിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ഇന്ന് രാവിലെയാണ് കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് കഴുത്തിൽ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ മുറിവ് പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി. കത്തിയോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന സംശയമുദിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അമ്മയുടെ മാതാവിനെ കസ്റ്റഡിയിൽ എടുത്തു. ഇവർ കൊലനടത്തിയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവർക്ക് സോഡിയം കുറയുന്നതടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ട്. കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഇവർ അബോധാവസ്ഥയിലായി. പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയും അച്ഛനും അടക്കം വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.