വാട്ട്‌സ്ആപ്പ് അക്കൗണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. കൂടാതെ വാട്‌സ്ആപ്പിന് പകരം ‘അറട്ടൈ’ ആപ്പ് ഉപയോഗിക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യൻ കമ്പനിയായ സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത മെസേജിങ് ആപ്പാണ് ‘അറട്ടൈ’.
അതേസമയം സ്വകാര്യ പോളി-ഡയഗ്‌നോസ്റ്റിക് സെന്ററിലെ ജീവനക്കാരനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ 10-12 വർഷമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ ഈ ആപ്പാണ് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മഹാലക്ഷ്മി പവാനി പറഞ്ഞതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു. ആശയവിനിമയത്തിന് മറ്റ് ആപ്ലിക്കേഷനുകളുണ്ട്, നിങ്ങൾക്ക് അവ ഉപയോഗിക്കാം. അടുത്തിടെ ‘അറട്ടൈ’ എന്നൊരു തദ്ദേശീയ ആപ്പ് വന്നിട്ടുണ്ട്. അത് ഉപയോഗിക്കൂ, മേക്ക് ഇൻ ഇന്ത്യ’ എന്നും ജസ്റ്റിസ് മേത്ത വ്യക്തമാക്കി.