ആ ഐസിസി അല്ല ഈ ഐസിസി, കോണ്‍ഗ്രസ് ഓഫീസ് തുര്‍ക്കിയിലുണ്ടെന്ന് പറഞ്ഞ അര്‍ണബ് ഗോസ്വാമി എയറില്‍, രാജ്യദ്രോഹികളാക്കാനുള്ള ശ്രമം പാളി

01:31 PM May 21, 2025 | Raj C

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് തുര്‍ക്കിയില്‍ ഓഫീസുണ്ടെന്ന് പറഞ്ഞ് പുലിവാല്‍ പിടിച്ച് റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ പാകിസ്ഥാന് തുര്‍ക്കി സഹായം നല്‍കിയിരുന്നു. ഇത്തരമൊരു രാജ്യത്താണ് കോണ്‍ഗ്രസ് ഓഫീസ് എന്ന് സ്ഥാപിക്കാനായിരുന്നു അര്‍ണബിന്റെ ശ്രമം. എന്നാല്‍, തുര്‍ക്കിയിലെ ഐസിസി എന്നത് ഇസ്താംബുള്‍ കോണ്‍ഗ്രസ് സെന്റര്‍ എന്ന കണ്‍വെന്‍ഷന്‍ സെന്ററാണെന്നത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചറിഞ്ഞില്ല.

യുദ്ധവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് ചോദ്യം ചോദിച്ച രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും രാജ്യദ്രോഹികളാക്കാനായിരുന്നു തുര്‍ക്കി ബന്ധം അര്‍ണബ് ആരോപിച്ചത്. ചാനലിലെ തന്റെ പ്രൈം ടൈം ഷോയില്‍ ഇസ്താംബുള്‍ കോണ്‍ഗ്രസ് സെന്ററിന്റെ ചിത്രം ഉപയോഗിച്ച്, ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫീസാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തുര്‍ക്കിയില്‍ ഒരു ഓഫീസ് ഉണ്ടെന്നും, ഇത് ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് അര്‍ണബിന്റെ ആരോപണം. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാല്‍വ്യ, അര്‍ണബിന്റെ ഷോയിലെ ഈ ക്ലിപ് തല്‍ പങ്കുവെച്ച്, രാഹുല്‍ ഗാന്ധിയോട് ഇതിന്റെ കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. 'ശത്രുവിന്റെ സുഹൃത്ത് ശത്രുവാണ്' എന്ന് കുറിച്ച്, കോണ്‍ഗ്രസിനെതിരെ ദേശവിരുദ്ധ ആരോപണങ്ങള്‍ ബിജെപി ശക്തമാക്കി.

ഓള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, ഈ ആരോപണം തെറ്റാണെന്ന് തെളിയിച്ചിരുന്നു. അര്‍ണബ് കാണിച്ച 'കോണ്‍ഗ്രസ് ഓഫീസ്' എന്നത് ഇസ്താംബുള്‍ കോണ്‍ഗ്രസ് സെന്റര്‍ ആണ്. ഇത് 2009-ല്‍ ഉദ്ഘാടനം ചെയ്ത, ഇസ്താംബുള്‍ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഒരു കണ്‍വെന്‍ഷന്‍ സെന്ററാണ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. അമിത് മാല്‍വ്യക്കും അര്‍ണബ് ഗോസ്വാമിക്കും എതിരെ, ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 192, 352 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെ റിപ്പബ്ലിക് ടിവി മാപ്പ് പറഞ്ഞു. ഇത് ഒരു 'ടെക്‌നിക്കല്‍ എറര്‍' ആയിരുന്നുവെന്നും, ഡിജിറ്റല്‍ ഡെസ്‌കിലെ ഒരു വീഡിയോ എഡിറ്ററുടെ പിഴവാണെന്നുമാണ് വിശദീകരണം.

ഓണ്‍ലൈനില്‍ പലരും അര്‍ണബിന്റെ ആരോപണങ്ങളെ 'ഗോദി മീഡിയ'യുടെ പ്രചാരണമായി വിമര്‍ശിച്ചു. റിപ്പബ്ലിക് ടിവിയുടെ മാപ്പിനെ ഒരു 'നാടകം' എന്നും പരിഹസിച്ചു. ബിജെപി നേതാവ് വിജയ് ജോളി 2018-ല്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയ ചിത്രവും പുറത്തുവന്നിട്ടുണ്ട്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി, മുമ്പും വിവാദപരമായ റിപ്പോര്‍ട്ടിംഗിന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുള്ള വാര്‍ത്തകള്‍ക്ക്.