മുണ്ടക്കൈ - ചൂരൽമല ഉരുൾ ദുരന്തത്തിൻ്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയിൽ ചിലവാക്കാതെ കിടക്കുന്നത് എഴുന്നൂറോളം കോടി രൂപ. ആകെ 705 കോടി 96 ലക്ഷം രൂപ സംഭാവനയായി കിട്ടിയപ്പോൾ ഇതുവരെ ചിലവഴിച്ചത് ഏഴ് കോടി രൂപ മാത്രം. ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരു ജനത പുനരധിവാസത്തിനായി മുറവിളികൂട്ടുമ്പോഴാണ് ക്രിസ്തുമസ് - പുതുവർഷത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു രൂപ പോലും ചിലവാക്കാതെ കിടക്കുന്നത്.
2024 ജൂലൈ 30-ന് അർദ്ധരാത്രിയിൽ നിമിഷങ്ങൾ കൊണ്ട് ഒരു നാട് മുഴുവൻ ഉരുൾ ദുരന്തത്തിൽ ഒലിച്ചു പോയ ദുഃഖ വാർത്ത കണ്ണീരോടെയും സങ്കടത്തോടെയും കേൾക്കേണ്ടി സുമനസ്സുകൾ അന്ന് മുതൽ തന്നെ തങ്ങളാൽ കഴിയും വിധമുള്ള സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തുടങ്ങി. ഇന്നലെ ദുരന്തത്തിന് അഞ്ച് പൂർത്തിയായപ്പോൾ ഇന്ന് വരെ ദുരിതാശ്വാസ നിധിയിലുള്ളത് 705.96 കോടി രൂപയാണ്.
ആദ്യ നൂറ് ദിവസങ്ങൾക്കുള്ളിലാണ് കൂടുതൽ തുകയും എത്തിയത്. എന്നാൽ പുനരധിവാസം നടപ്പാകുന്നില്ലന്നും ദുരിത ബാധിതരുടെ ജീവിതം ദയനീയമാണന്നുമുള്ള വാർത്തകൾ പ്രചരിച്ചതോടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ വരവ് കുറഞ്ഞു. സമീപ ദിവസങ്ങളിൽ തുച്ഛമായ തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്. പരിക്കേറ്റവരുൾപ്പെടെ തുടർ ചികിത്സക്കും അവശേഷിച്ചവരിൽ മരുന്നു വാങ്ങാൻ പോലും പണമില്ലാതെയും വിഷമിക്കുന്നവർ ധാരാളമുള്ളപ്പോൾ ഒരു ചില്ലിക്കാശ് പോലും ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയില്ല . കിറ്റു വിവാദം വന്നതോടെ ഇക്കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് ഒരു കിറ്റുപോലും ദുരിത ബാധിതർക്ക് ലഭിച്ചില്ല.
ഇതുവരെ 705 കോടി 96 ലക്ഷം രൂപ ലഭിച്ചപ്പോൾ അതിൽ നിന്ന് ആകെ ചിലവഴിച്ചത് രക്ഷാപ്രവർത്തനത്തിന് ജില്ലാ കലക്ടർക്ക് നൽകിയ 7 കോടി 65 ലക്ഷം രൂപയാണ് . സംഭാവന ആയിരം കോടിയെങ്കിലും കവിയുമെന്ന് പ്രതീക്ഷിച്ചിരുന്നങ്കിലും തുക ചിലവാകാതെ കെട്ടി കിടക്കുന്നതിനാൽ മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തത്തിൻ്റെ പേരിലുള്ള സഹായങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത് നിലച്ച മട്ടാണ്.