+

ആരോഗ്യവിദ്യാഭ്യാസവും കായിക ഉന്നമനവും പ്രാധാനം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

കായിക വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെല്‍ത്തി കിഡ്‌സ് പദ്ധതിക്ക് വാളകം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ തുടക്കമായി.

കൊല്ലം :കായിക വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെല്‍ത്തി കിഡ്‌സ് പദ്ധതിക്ക് വാളകം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ തുടക്കമായി. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

പ്രൈമറിതലം മുതല്‍ തന്നെ കായിക പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഭാഗമാക്കുകയാണ് ലക്ഷ്യം. വ്യായാമം, എയ്റോബിക്സ് തുടങ്ങിയ കായിക പ്രക്രിയയിലൂടെ കുട്ടികളുടെ പേശികള്‍ക്ക് ശക്തി പകരാനും ചെറുപ്രായം മുതലേ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കാനും പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങിയിരുന്ന വിദ്യാഭ്യാസരീതി മാറേണ്ടത് അനിവാര്യമാണ്. മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ വര്‍ധവന് വന്ന ഇക്കാലത്ത് കായിക ഉന്നമനം ലക്ഷ്യമിടുന്ന ഹെല്‍ത്തി കിഡ്‌സ് പോലുള്ള പദ്ധതികള്‍ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളുള്ള വിദ്യാര്‍ഥി സമൂഹത്തിന്റെ ആരോഗ്യ ഭാവി കൃത്യതപ്പെടുത്തുന്ന തരത്തില്‍ കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുന്‍ഗണന നല്‍കുന്ന ആരോഗ്യവിദ്യാഭ്യാസമാണ് പ്രാവര്‍ത്തികമാക്കുന്നത്. പൂര്‍ണ കായികക്ഷമതയുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതോടൊപ്പം ശരിയായ ശരീര വളര്‍ച്ചയ്ക്ക് അഭികാമ്യമായ കായിക പ്രവര്‍ത്തനങ്ങള്‍ എല്‍.പി തലം മുതല്‍ തുടങ്ങുന്നതാണ് ഈ പദ്ധതി.

ഓണ്‍ലൈന്‍ കളിയുടെ ചാരുതയോടുകൂടി എന്നാല്‍ കായിക പ്രവര്‍ത്തനങ്ങളിലൂടെ മാത്രം അതിന്റെ ഫലം പ്രാപ്യമാകുന്ന രീതിയിലുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് ഗെയിം റൂം, കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിന് കൂടുതല്‍ ഉത്സാഹവും ഉണര്‍വും വിനോദങ്ങളിലൂടെ ലഭിക്കുകയും, സാമൂഹ്യ ജീവിതത്തിനുള്ള അടിസ്ഥാന പാഠങ്ങള്‍ ഉള്‍കൊള്ളുന്ന തരത്തിലുള്ള പഠന പദ്ധതി, ഓരോ അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ പരിശീലനം, കുട്ടിയുടെ പ്രതിദിന പ്രവര്‍ത്തന മികവ് അറിയാനായി 'റിയല്‍ ടൈം ഓണ്‍ലൈന്‍ ട്രെയിനിങ്' ആപ്പ്, എന്നിവയൊക്കെയാണ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്.

പരിപാടിയില്‍ വാര്‍ഡ് അംഗം കെ. അജിത അധ്യക്ഷയായി. ഹെല്‍ത്തി കിഡ്‌സ് പദ്ധതി സ്റ്റേറ്റ് ഹെഡ് ഹരിപ്രഭാകരന്‍ പദ്ധതി വിശദീകരിച്ചു. വെളിയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എസ് വിജയലക്ഷ്മി, വാളകം എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലാലി ജോണ്‍, വെളിയം ബി.പി.സി ടി.എസ് ലേഖ, മുന്‍ ഹെഡ്മാസ്റ്റര്‍ വി. സുരേഷ്‌കുമാര്‍, പി.ടി.എ പ്രസിഡന്റ് സാം ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

facebook twitter