കണ്ണൂർ : പയ്യാമ്പലം ബീച്ചിന്റെ കടല്‍ക്കാറ്റേറ്റ് കരിയറിലേക്കുള്ള അവസരങ്ങളുടെ പടവുകള്‍ നടന്നുകയറി മേയറും സംഘവും. കണ്ണൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ഗ്ലോബല്‍ ജോബ് ഫെയറിന്റെ മുന്നോടിയായി പയ്യാമ്പലം ബീച്ചില്‍ സംഘടിപ്പിച്ച 'വാക് വിത്ത് മേയര്‍' പരിപാടി വന്‍ ശ്രദ്ധേയമായി.
വൈകിട്ട് പയ്യാമ്പലം ബീച്ചിലെത്തിയ കുടുംബങ്ങളെയും വിനോദ സഞ്ചാരികളെയും നേരില്‍കണ്ടായിരുന്നു മേയര്‍ മുസ്ലിഹ് മഠത്തിലിന്റെ നേതൃത്വത്തില്‍ സായാഹ്ന നടത്തം. പള്ളിയാംമൂലയില്‍ നിന്നു തുടങ്ങിയ വാക് വിത്ത് മേയര്‍ പരിപാടിയുടെ ഫ്ലാഗ് ഓഫ് കിയാല്‍ ഡയരക്ടര്‍ എം.പി ഹസന്‍കുഞ്ഞി നിര്‍വഹിച്ചു.
തുടര്‍ന്ന് പയ്യാമ്പലം ബീച്ചില്‍ മണിക്കൂറുകളോളം ബീച്ചിലെത്തിയവരെ നേരില്‍കണ്ട് ഗ്ലോബല്‍ ജോബ് ഫെയറിന്റെ പ്രചരണത്തിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്തു. കൂടാതെ ഓരോരുത്തരുടെയും ജോലിയുമായി ബന്ധപ്പെട്ട ആഗ്രഹങ്ങളും ആശങ്കകളും മേയര്‍ നേരിട്ട് ചോദിച്ചറിഞ്ഞു.
ഈ നിര്‍ദേശങ്ങള്‍ കൂടി മുന്‍നിര്‍ത്തിയായിരിക്കും ഗ്ലോബല്‍ ജോബ് ഫെയര്‍ ഒരുക്കുകയെന്ന് മേയര്‍ പറഞ്ഞു. സമാപനത്തിന്റെ ഭാഗമായി നടത്തിയ ഫുട്ബാള്‍ പെനാള്‍ട്ടി ഷൂട്ടൗട്ട് മത്സരം കാണികളില്‍ ആവേശം കൊള്ളിച്ചു. നൂറുകണക്കിന് ആളുകളാണ് വാക് വിത്ത് മേയര്‍ പരിപാടിയുടെ ഭാഗമായി ഒത്തുകൂടിയത്. ക്യാമ്പസുകളില്‍ സന്ദര്‍ശനം, വ്യാപാരി വ്യവസായികളൊത്ത് മുഖാമുഖം തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി നേരത്തെ നടന്നിരുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് www.kannurglobaljobfair.com എന്ന വെസ്ബൈറ്റിലൂടെ ഗ്ലോബല്‍ ജോബ് ഫെയറിനായി രജിസ്റ്റര്‍ ചെയ്യാം. തൊഴിലധിഷ്ഠിത എക്സ്പോ, എജ്യുക്കേഷന്‍ ആന്‍ഡ് കരിയര്‍ ഫെസ്റ്റിവല്‍, ആഗോള തൊഴില്‍ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, പ്രസന്റേഷനുകള്‍, കോര്‍പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളില്‍ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ നിരവധി സെഷനുകളും ജോബ് ഫെയറിന്റെ ഭാഗമായി നടക്കും.
ബ്രാന്‍ഡ് ബേ മീഡിയയാണ് ഗ്ലോബല്‍ ജോബ് ഫെയര്‍ ഒരുക്കുന്നത്. ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര, സ്ഥിരംസിതി അധ്യക്ഷരായ വി കെ ശ്രീലത, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തിന്, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ കെ പി അബ്ദുല്‍റസാഖ്, കൂകിരി രാജേഷ്, എന്‍ ഉഷ, കെ.പി റാഷിദ്, സി സുനിഷ, ബീബി, കെ നിര്‍മ്മല, ശ്രീജ ആരംഭന്‍, എസ് ഷഹീദ, പി വി ജയസൂര്യന്‍, അഷ്റഫ് ചിറ്റുള്ളി, കെ പി അനിത, എ കുഞ്ഞമ്പു, പി വി കൃഷ്ണകുമാര്‍, എ ഉമൈബ, മിനി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.