അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച . റോഡ് മുഴുവനും മഞ്ഞ് മൂടിയതോടെ ഗതാഗതം തടസപ്പെട്ടു. കനത്ത മഞ്ഞുവീഴ്ചയില്‍ അഞ്ച് പേര്‍ മരിച്ചതായാണ് വിവരം. മിസോറിയിലും വിര്‍ജീനിയയിലും വൈദ്യുതി വിതരണം താറുമാറായി. അതേസമയം 2,400-ലധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയും ചെയ്തു. നാഷണല്‍ വെതര്‍ സര്‍വീസ് (NWS) വാഷിംഗ്ടണില്‍ ഒരടി വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കെന്റക്കിയിലെ ജനങ്ങളോട് വീട്ടില്‍ തന്നെ തുടരണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് അമേരിക്കയില്‍ തീവ്രമായ രീതിയിലുള്ള തണുപ്പും, ശീതകാല കൊടുങ്കാറ്റും ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ചിലയിടങ്ങളില്‍ പൂജ്യം ഡിഗ്രി ഫാരന്‍ഹീറ്റിന് താഴെ (മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ്) വരെ താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സെപ്തംബര്‍ അവസാനത്തില്‍ മാരകമായ ചുഴലിക്കാറ്റ് ജനജീവിതത്തെ കൂടുതല്‍ ബാധിക്കുകയും കെന്റക്കി ഉള്‍പ്പെടെയുള്ള ഒന്നിലധികം തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ നശിപ്പിക്കുകയും ചെയ്തിരുന്നു.