മുട്ടം: 16 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വണ്ണപ്പുറം പുളിക്കത്തൊട്ടി കാവിൽപുരയിടത്തിൽ ജോമോൻ ജോസഫിനെയാണ് (57) തൊടുപുഴ സ്പെഷ്യൽ കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷ വിധിച്ചത്.
2020 ജൂൺ മൂന്നിനും 11നുമാണ് കേസിനാസ്പദമായ സംഭവം. വിൽപനക്ക് വെച്ച സ്ഥലം കാണിച്ചു കൊടുക്കാനായി പ്രതിയൊടൊപ്പം പോയ ബാലനെയാണ് അതിക്രമത്തിന് ഇരയാക്കിയത്. സംഭവം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും ഒന്നിലേറെ തവണ അതിക്രമം നടത്തിയതിന് ആറ് വർഷം കഠിനതടവും 50,000 രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം കഠിനതടവും അനുഭവിക്കണം. ശിക്ഷ ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ ആറ് വർഷം കഠിനതടവ് അനുഭവിച്ചാൽ മതി.
ഇരക്ക് പുനരധിവാസത്തിനും മറ്റുമായി മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.