കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ പിടിയിൽ. പറമ്പിൽക്കടവ് കുന്നത്തുമലയിൽ താമസിക്കുന്ന വയനാട് മുട്ടിൽ സ്വദേശി ചോലയിൽ വീട്ടിൽ കുഞ്ഞുമോൻ (42) ആണ് അറസ്റ്റിലായത്.
ഉറക്കത്തിൽ ദുസ്വപ്നംകാണുന്നത് ഒഴിവാക്കുന്നതിനുവേണ്ടി പൂജിച്ച ചരട് കെട്ടുന്നതിനായാണ് വിദ്യാർഥിനി അമ്മയോടൊപ്പം പറമ്പിൽക്കടവിലുള്ള മന്ത്രവാദിയുടെ വീട്ടിലെത്തിയത്. തുടർന്ന് പൂജചെയ്യാൻ നിർദേശിക്കുകയും പൂജാസാധനങ്ങളുമായി മന്ത്രവാദിയുടെ വീട്ടിലെത്തിയ വിദ്യാർഥിനിയെ പ്രതി പീഡിപ്പിക്കുകയും നഗ്നഫോട്ടോ എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്തു.
അവധി കഴിഞ്ഞ് കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ പ്രതി പിന്തുടർന്ന് ഭീഷണിപ്പെടുത്തി ലോഡ്ജിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയുംചെയ്തു. വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി. മഹേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിമിൻ കെ. ദിവാകരൻ, സജീവ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.