ഡല്‍ഹി : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാൻ അനുമതി നല്കി സുപ്രീം കോടതി. എന്നാല്‍ രാവിലെ ആറ് മുതല്‍ ഏഴ് വരെയും രാത്രി എട്ടു മുതല്‍ 10 വരെയുമാണ് പടക്കങ്ങള്‍ ഉപയോഗിക്കാൻ അനുമതി ഉള്ളത്.
ഒക്ടോബർ 18 മുതല്‍ 21 വരെ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന് ചിഫ് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇന്നുമുതല്‍ 21-ാം തീയതി വരെ ഹരിത പടക്കങ്ങളുടെ വില്‍പ്പനയ്ക്കും കോടതി അനുമതി നല്കി.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കർശന നിർദേശങ്ങളോടെ കോടതി അനുമതി നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട് കർശന പരിശോധനകള്‍ നടത്താനും, നിർദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു. ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാൻ അനുമതി നല്‍കണമെന്ന ഡല്‍ഹി സർക്കാരിന്റെ ആവശ്യം പരിഗണിച്ചായിരുന്നു സുപ്രീം കോടതി നടപടി.