ആര്ടിസ്റ് നമ്പൂതിരിയുടെ ഒറിജിനൽ രേഖാ ചിത്രങ്ങൾ സാംസ്കാരിക വകുപ്പിന് കൈമാറി

09:06 PM Sep 15, 2025 | AVANI MV

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖ ചിത്രങ്ങളുടെ ഒറിജിനലുകൾ കേരള സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിന് വേണ്ടി കെ. എം. വാസുദേവനിൽ ( ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ) നിന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി. ചിത്രങ്ങൾ കേരളത്തിലെ വിവിധ ഇടങ്ങളിൽ കേരള ലളിത കലാ അക്കാദമി പ്രദർശിപ്പിക്കും.

പാലക്കാട് പണി പൂർത്തിയാകുന്ന വി.ടി. ഭട്ടത്തിരിപ്പാട് സാംസ്കാരിക സമുച്ചയത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രചനകളുടെ സ്ഥിരം ആർട്ട് ഗ്യാലറിയിൽ ചിത്രങ്ങൾ സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ആരേയും ആകർഷിക്കുന്ന ചാരുതയും, വരയിലെ ശക്തിയും നമ്പൂതിരിയെ മറ്റ് ചിത്രകാരൻമാരിൽ നിന്ന് വേറിട്ട് നിർത്തുന്നു. നേർത്ത രേഖകളുടെ മാന്ത്രികധാരയിലൂടെ ചിത്രതലത്തിൻറെ ത്രിമാനങ്ങളും വർണ്ണപ്പൊലിമയും കീഴ്പ്പെടുത്തിയ മഹാനായ കലാകാരനാണ് ആർട്ടിസ്റ്റ് നമ്പൂതിരി. കേരളത്തിൻറെ കലാരംഗത്തെ ഉജ്വല സാന്നിദ്ധ്യമായ നമ്പൂതിരിക്ക് രേഖാ ചിത്രകാരൻ എന്ന നിലയിൽ അനന്യസ്ഥാനമാണുള്ളത് എന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ കേരള നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ അഡീഷ്ണൽ ചീഫ് സെക്രട്ടറി രാജൻ ഗോബർഗഡേ,  സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത്, സെക്രട്ടറി എബി എൻ ജോസഫ്, രവീന്ദ്രനാഥ് വള്ളത്തോൾ, നമ്പൂതിരി സമ്മാൻ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി ബാബു ജോസഫ്, ട്രസ്റ്റ് അംഗങ്ങളായ  കാർട്ടൂണിസ്റ്റ് സുധീർ നാഥ്, ബിനുരാജ് കലാപീഠം, എന്നിവരും പങ്കെടുത്തു.

ആര്ട്ടിസ്റ്റ് നമ്പൂതിരിയുടെ ശതാബ്ദി ആഘോഷത്തിന്  പൊന്നാനി  നടുവട്ടം കരുവാട്ട്മനയിൽ നൂറാം ജൻമദിനമായ സെപ്തംബർ 13 നാണ് തുടക്കമായത്. എത്രയും ചിത്രം ചിത്രം എന്ന് പേരിട്ടിരിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റും, കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഒരുക്കുന്നത്. 

ബാബു ജോസഫ്
മാനേജിങ്ങ് ട്രസ്റ്റി
ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്
098-460-49952