+

രാജ്യത്ത് ആദ്യം: സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ

രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകൾ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു.

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകൾ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 16ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക സെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഈ സർക്കാരിന്റെ കാലത്താണ് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കിയത്. സമൂഹത്തിൽ രോഗാതുരത കുറയ്ക്കുന്നതിനും എല്ലാവർക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിനുമുള്ള അതിശക്തമായ ഇടപെടലുകളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നടത്തുന്നത്. ഓരോ 5000 ജനസംഖ്യയേയും കേന്ദ്രീകരിച്ചാണ് ഗ്രാമ-നഗര തലങ്ങളിൽ ജനകീയ അരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വീട്ടിന് തൊട്ടടുത്ത ആശുപത്രികളായി മാറിയിരിക്കുകയാണ്. പൊതുജനാരോഗ്യത്തിന്റെ നെടുംതൂണുകളായി മാറിയിരിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമായി ക്ലിനിക്കുകൾ, അയൽക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകൾ, വിദഗ്ധ സ്‌പെഷ്യലിസ്റ്റ് സേവനങ്ങൾ എന്നിവ ഒരുക്കുന്നതിനായാണ് സ്ത്രീ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.

എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീകളുടെ ക്ലിനിക്ക് പ്രവർത്തിക്കും. വിളർച്ച, പ്രമേഹം, രക്താതിമർദം, കാൻസർ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്താനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കുന്നു. അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ പരിശോധനകളും ബോധവത്കരണവും ഈ ക്യാമ്പയിന്റെ ഭാഗമായി നടക്കും. പരമാവധി സ്ത്രീകൾ വെൽനസ് ക്ലിനിക്കുകളിൽ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

facebook twitter