+

ഏഷ്യാ കപ്പിലെ റൗഫിന്റെ യുദ്ധവിമാന ആക്ഷനും ഭാര്യയുടെ പരിഹാസവും, കണക്കിന് കൊടുത്ത് ഇന്ത്യന്‍ ബാറ്റര്‍മാര്‍, ഒടുവില്‍ നാണംകെട്ട് മടക്കം

ഏഷ്യാ കപ്പ് 2025-ലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല, ക്രിക്കറ്റിന് പുറത്ത് രാഷ്ട്രീയമായും ഇരു രാജ്യങ്ങളും ഏറ്റുമുട്ടി. 

ദുബായ്: ഏഷ്യാ കപ്പ് 2025-ലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല, ക്രിക്കറ്റിന് പുറത്ത് രാഷ്ട്രീയമായും ഇരു രാജ്യങ്ങളും ഏറ്റുമുട്ടി. 

പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫിന്റെ ആക്ഷനാണ് ഏറെ വിവാദമായത്. 'യുദ്ധവിമാനം തകര്‍ന്നു വീഴുന്ന' ആക്ഷനും '6-0' സിഗ്‌നലും സോഷ്യല്‍ മീഡിയയില്‍ തീയായി പടര്‍ന്നു. ഇന്ത്യന്‍ ആരാധകരുടെ പ്രതികരണമായാണ് റൗഫ് വിവാദ ആക്ഷന്‍ പുറത്തെടുത്തത്. റൗഫിന്റെ ഭാര്യ മുസ്‌ന മസൂദ് മാലികിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വിവാദത്തിന് ആക്കംകൂട്ടി. യുദ്ധത്തില്‍ ജയിച്ചു കളിയില്‍ തോറ്റു എന്ന രീതിയിലായിരുന്നു മുസ്‌നയുടെ പോസ്റ്റ്.

സെപ്റ്റംബര്‍ 21-ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ നടന്ന മത്സരത്തിനിടെയാണ് റൗഫ് ഇന്ത്യയെ പരിഹസിച്ചുള്ള ആക്ഷന്‍ കാണിച്ചത്. ബൗണ്ടറിക്കടുത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ 'കോഹ്ലി, കോഹ്ലി' എന്ന് വിളിച്ചു. 2022-ലെ ടി20 വേള്‍ഡ് കപ്പില്‍ വിരാട് കോഹ്ലി റൗഫിനെ രണ്ട് സിക്‌സറുകള്‍ നേടിയത് സൂചിപ്പിക്കലായിരുന്നു അത്. പ്രകോപിതനായ റൗഫ് 'യുദ്ധവിമാനം തകര്‍ന്നു വീഴുന്ന' ആക്ഷന്‍ കാണിക്കുകയായിരുന്നു.

'ഓപ്പറേഷന്‍ സിന്ദൂര്‍' ആക്രമണത്തിനിടെ പാകിസ്താന്റെ അവകാശവാദങ്ങളെ സൂചിപ്പിക്കുന്നതായിരുന്നു ഈ ആക്ഷനുകള്‍. പാഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ സൈനിക നടപടിക്കിടെ പാകിസ്താന്‍ 'ആറ് ഇന്ത്യന്‍ റഫേല്‍ വിമാനങ്ങള്‍ വീഴ്ത്തി' എന്ന അവകാശവാദം ഉന്നയിച്ചിരുന്നു. റൗഫ് ഈ ആക്ഷന്‍ രണ്ട് തവണ ചെയ്തു. ആദ്യം ആരാധകര്‍ക്ക് നേരെ, പിന്നീട് സഞ്ജു സാംസണിന്റെ വിക്കറ്റ് എടുത്ത ശേഷവും. ഇത് ഐസിസിയുടെ കോഡ് ഓഫ് കണ്ടക്റ്റിന് വിരുദ്ധമായി കണ്ടെത്തി 30% മാച്ച് ഫീ പിഴയീടാക്കുകയും ചെയ്തു.

റൗഫിന്റെ ജസ്റ്ററുകള്‍ക്ക് മറുപടിയായി ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഫൈനലില്‍ കണക്കുതീര്‍ത്തു. തിലക് വര്‍മയും സഞ്ജു സാംസണും ശിവം ദുബെയും ചേര്‍ന്ന് ഇന്ത്യന്‍ ബാറ്റിങ്ങിനെ മുന്നോട്ട് നയിച്ചപ്പോള്‍ റൗഫ് 3.4 ഓവറില്‍ 50 റണ്‍സാണ് വിട്ടുകൊടുത്തത്. മറ്റു ബൗളര്‍മാര്‍ പിശുക്കുകാട്ടിയപ്പോള്‍ റൗഫിന്റെ ഓവറുകള്‍ ഇന്ത്യയെ ജയിപ്പിച്ചു.

ഏഷ്യാകപ്പില്‍ മൂന്നു കളികളിലും പാകിസ്താന്‍ ഇന്ത്യയോട് തോറ്റു എന്നത് നാണക്കേടായി. ഇന്ത്യയെ പരിഹസിച്ച് ഒടുവില്‍ ഒരു ജയംപോലും ഇല്ലാതെ മടങ്ങുന്ന പാക് കളിക്കാര്‍ക്ക് മുന്‍ താരങ്ങളുടേയും ആരാധകരുടേയും രൂക്ഷ വിമര്‍ശനമാണ് കാത്തിരിക്കുന്നത്.

facebook twitter