ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കുന്നത് 19നെന്ന് റിപ്പോർട്ട്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഉടൻ ചേർന്ന് ടീമിനെ തെരഞ്ഞെടുക്കും. ട്വന്റി 20 ഫോർമാറ്റിലുള്ള ടൂർണമെന്റിന് ദുബായിയാണ് വേദിയാവുന്നത്.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലെത്തുമെന്നാണ് സൂചനകൾ. ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പിനുള്ള ടീമിലിടം നേടുമെന്നാണ് പ്രതീക്ഷ. ഏഷ്യ കപ്പിൽ ഇടം നേടിയാൽ വർക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ബുമ്രയെ വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയേക്കും.
സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ 14നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ സൂപ്പർ പോരാട്ടം. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കായികക്ഷമത തെളിയിക്കാനെത്തിയ താരങ്ങളുടെ ഫിറ്റ്‌നെസ് റിപ്പോർട്ട് കൂടി ലഭിച്ചശേഷമാകും ടീം പ്ര്യഖ്യാപനം.
ഹെർണിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുള്ള സൂര്യകുമാർ കഴിഞ്ഞ ദിവസം ബാറ്റിംഗ് പരിശീലനം നത്തുന്ന വീഡിയോ പങ്കുവെച്ചെങ്കിലും മാച്ച് ഫിറ്റ്‌നെസ് ഇതുവരെ വീണ്ടെടുത്തിട്ടില്ല. ഐപിഎല്ലിനുശേഷം മത്സര ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുന്ന സൂര്യകുമാർ യാദവ് ജൂണിലാണ് ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായത്.