ജെപ്പ്‌ സോങ്ങുമായി ആസിഫ് അലി- താമർ ചിത്രം സർക്കീട്ട്

06:35 PM Apr 28, 2025 | Kavya Ramachandran

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ രസകരമായി ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വീഡിയോ അടക്കമാണ് റിലീസ് ചെയ്തിരിക്കുന്നത്. ദീപക് പറമ്പോല്‍, ദിവ്യ പ്രഭ, ബാലതാരം ഓർഹാൻ എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇലക്ട്രോണിക് കിളി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നത് ഗോവിന്ദ് വസന്തയും ഇതിന് വരികൾ രചിച്ചത് സുഹൈൽ കോയയുമാണ്.

 ഒരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാകും 'സർക്കീട്ട്' എന്ന സൂചനയാണ് ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'സർക്കീട്ട്'. മെയ്‌ 8ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായി കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന 'സർക്കീട്ട്' പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. വമ്പൻ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, ആക്ഷൻ ഫിലിംസ് എന്നീ ബാനറുകളിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ആസിഫ് അലി, ബാലതാരം ഓര്‍ഹാന്‍, ദിവ്യ പ്രഭ, ദീപക് പറമ്പോള്‍ എന്നിവരെ കൂടാതെ രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം 'ആയിരത്തിയൊന്നു നുണകൾ' നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.