'മാറി നില്‍ക്കുന്നവരെ തിരിച്ചുകൊണ്ടുവരണം : ആസിഫ് അലി

01:04 PM Aug 18, 2025 | Suchithra Sivadas

'അമ്മ' സംഘടനയുടെ നേതൃമാറ്റത്തെ സ്വാഗതം ചെയ്ത് നടന്‍ ആസിഫ് അലി. മാറ്റം നല്ലതിനെന്ന് നടന്‍ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയില്‍ നിന്ന് മാറി നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും, മാറി നില്‍ക്കുന്ന അംഗങ്ങളെ തിരികെ കൊണ്ടുവരണമെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുണ്ടായ പ്രശ്‌നങ്ങളൊക്കെ എല്ലാവരും ചര്‍ച്ച ചെയ്തിരുന്നു. അതില്‍ കൂടുതല്‍ സ്ത്രീകള്‍ വരണമെന്ന് എല്ലാവരും ആഗ്രഹിച്ചു. ഇത്തവണ അതുപോലെ തന്നെ സംഭവിച്ചിട്ടുണ്ട്, ആസിഫ് അലി പറയുന്നു.

''അമ്മ എന്ന സംഘടനയെക്കുറിച്ച് ഞാനെപ്പോഴും പറയാറുണ്ട്, അതിന്റെ പേര് അമ്മ എന്ന് തന്നെയാണ്. അതില്‍ നിന്ന് മാറി നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ആ സംഘടന അതിലെ അംഗങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത് അത്രയും നല്ല കാര്യങ്ങളാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ കൊണ്ടോ ഒരു സമയത്തുണ്ടായ വിഷമം കൊണ്ടോ ഒക്കെ മാറി നിന്നവര്‍ ഉണ്ടാകാം. അവരെയെല്ലാം സംഘടനയിലേക്ക് തിരിച്ച് കൊണ്ടുവരണം'', നടന്‍ ആവശ്യപ്പെട്ടു

'ഞാന്‍ അമ്മയുടെ അംഗമായിട്ട് ഏകദേശം 13 വര്‍ഷമായി. ആ സമയത്ത് ഞങ്ങള്‍ ആസ്വദിച്ചിരുന്ന ഒരു ഐക്യവും ഒരു കുടുംബാന്തരീക്ഷവുമൊക്കെയുണ്ടായിരുന്നു. അതിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയില്‍ തന്നെയാണ്. ഇത്തവണത്തെ പ്രസിഡന്റും കമ്മിറ്റിയും അംഗങ്ങളുമെല്ലാം എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടവരാണ്. തീര്‍ച്ചയായും പഴയ പ്രതാപത്തിലേക്കും സ്‌നേഹത്തിലേക്കുമൊക്കെ ആ കുടുംബം തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു'', ആസിഫ് അലി പറഞ്ഞു.