ജോലി വാഗ്ദാനംചെയ്ത് അസം സ്വദേശിനിയായ 17കാരിയെ കോഴിക്കോട്ടെത്തിച്ച് അനാശാസ്യം : കമിതാക്കൾ അറസ്റ്റിൽ

11:35 AM May 14, 2025 | Neha Nair

കോഴിക്കോട്: ജോലി വാഗ്ദാനംചെയ്ത് അസം സ്വദേശിനിയായ 17കാരിയെ കോഴിക്കോട്ടെത്തിച്ച് അനാശാസ്യം നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. അസം സ്വദേശികളായ ഫുർഖാൻ അലി (26), അക് ലിമ ഖാതുൻ (24) എന്നിവരെയാണ് ടൗൺ പൊലീസ് സംഘം ഒഡിഷയിൽ നിന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

കമിതാക്കളായ പ്രതികൾ പണം സമ്പാദിക്കണം എന്ന ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം മുഖേന ബന്ധം സ്ഥാപിക്കുകയും കേരളത്തിൽ വീട്ടുജോലി തരപ്പെടുത്താമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചും പ്രലോഭിപ്പിച്ചും കോഴിക്കോട്ടെത്തിക്കുകയുമായിരുന്നു.

പെൺകുട്ടിയെ അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലാണ് താമസിപ്പിച്ചത്. പിന്നീട് മുറിയിൽ പൂട്ടിയിട്ട് അനാശാസ്യം നടത്തുകയും പെൺകുട്ടിയുടെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മറ്റുള്ളവർക്ക് കാഴ്ചവെക്കുകയും ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

Trending :

പ്രതികളുടെ കണ്ണുവെട്ടിച്ച് ലോഡ്ജ് മുറിയിൽനിന്ന് പുറത്തുകടന്ന അതിജീവിത മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറയുകയായിരുന്നു. രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ടൗൺ പൊലീസിന് കൈമാറി. അന്വേഷണം തുടങ്ങിയെന്നറിഞ്ഞ പ്രതികൾ ഇതിനിടെ മുങ്ങി.

പ്രതികൾ ഒഡിഷയിലെ ഭദ്രക് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ ഇൻസ്പെക്ടർ ജിതേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ സജി ഷിനോബ്, എസ്.സി.പി.ഒ വന്ദന, സി.പി.ഒമാരായ സോണി നെരവത്ത്, ജിതിൻ, മെഡിക്കൽ കോളജ് സ്റ്റേഷനിലെ എ.എസ്.ഐ അനൂപ്, സി.പി.ഒ സാജിദ്, ഡി.എച്ച്.ക്യു സി.പി.ഒ അമീൻ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.