കൊച്ചി : ആസ്റ്റർ മെഡ്സിറ്റിയും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൻ്റെ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സും ചേർന്ന് കരൾ ആരോഗ്യ ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്സിറ്റിയിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗവും ഇന്റഗ്രേറ്റഡ് ലിവർ കെയർ ടീമും സംയുക്തമായാണ് കലൂരിലെ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വാക്കത്തോണിന് നേതൃത്വം നൽകിയത്.
ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ ഷുഹൈബ് ഖാദറിന്റെ സാന്നിധ്യത്തിൽ ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ , ദാതാക്കൾ, പുറമേ നിന്നുള്ള വളണ്ടിയർമാർ എന്നിവരുൾപ്പെടെ 300-ലധികം പേർ വാക്കത്തോണിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൾ എന്ന നിലയിൽ അഞ്ചു വയസ്സുള്ള രണ്ടു കുട്ടികളെയും ഏറ്റവും പ്രായം ചെന്ന വ്യക്തിയായ 86 കാരനെയും ചടങ്ങിൽ ആദരിച്ചു.
"ഭക്ഷണമാണ് ഔഷധം" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കരൾ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സുംബ സെഷനുകൾ, ഗെയിമുകൾ, ചോദ്യോത്തര സെഷനുകൾ എന്നിവയും വാക്കത്തോണിന്റെ ഭാഗമായി സംഘടിപ്പിച്ചു. കരൾ രോഗങ്ങൾ തടയുന്നതിലും കൈകാര്യം ചെയ്യുന്നതിലും പോഷകാഹാരത്തിന് വലിയ പങ്കുണ്ടെന്ന സന്ദേശമാണ് പരിപാടിയിലൂടെ നൽകിയത്.