ന്യൂഡൽഹി: പാകിസ്താനെതിരെ നയതന്ത്രതലത്തിൽ പുതിയ നീക്കവുമായി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ പാകിസ്താൻ ഐക്യരാഷ്ട്രസഭ (യുഎൻ) രക്ഷാസമിതിയെ സമീപിച്ചിരുന്നു. എന്നാൽ, ഈ ചർച്ചയിൽ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ഇന്ത്യ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന തരത്തിലാണ് പാകിസ്താൻ യു.എൻ രക്ഷാസമിതിയെ സമീപിച്ചത്. എന്നാൽ, രക്ഷാസമിതിയുടെ യോഗത്തിൽ അതിർത്തി കടന്നുള്ള ഭീകരാക്രമണവും അതിൽ പാകിസ്താന്റെ പങ്കും പാക് പിന്തുണയുള്ള ഭീകരവാദികളുടെ പ്രവർത്തനങ്ങളും ഇന്ത്യ ചർച്ചയാക്കും.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിയായ പാകിസ്താനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. യു.എൻ രക്ഷാ സമിതിയിലെ 15 അംഗങ്ങളിൽ 13 പേരുടെയും പിന്തുണ ഇതിനോടകം ഇന്ത്യ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാസമിതി അംഗമായ പാകിസ്താന് പിന്തുണ സ്ഥിരാംഗമായ ചൈനയിൽ നിന്ന് മാത്രമേ ലഭിക്കൂവെന്നാണ് സൂചന.