ആന്ധ്രപ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു

08:30 AM Dec 12, 2025 | Suchithra Sivadas

ആന്ധ്രപ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. അല്ലൂരി സീതാരാമ രാജു ജില്ലയിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയില്‍ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഭദ്രാചലം സന്ദര്‍ശിച്ച ശേഷം അന്നവാരത്തേക്ക് പോകുകയായിരുന്നു ബസ്. രണ്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 37 പേര്‍ ബസിലുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവര്‍ക്ക് ഒരു കുത്തനെയുള്ള വളവ് മറികടക്കാന്‍ കഴിയാതെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ചതാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. 

സംഭവം നടന്ന സ്ഥലം കുന്നിന്‍ മുകളിലായതിനാല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കവറേജ് ലഭ്യമല്ലാത്തതിനാല്‍, വിവരം മോതുഗുണ്ട ഉദ്യോഗസ്ഥരില്‍ എത്താന്‍ വൈകി. പരിക്കേറ്റവരെ ചിന്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. ജില്ലാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.