കൂമ്പന്‍പാറയില്‍ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ക്കണ്ട് ഇന്നലെ 35 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ തിരികെ വീട്ടിലെത്തിയപ്പോളാണ് ബിജുവും സന്ധ്യയും അപകടത്തില്‍പ്പെട്ടതെന്ന് പ്രദേശവാസി. സന്ധ്യ ഗുരുതര പരുക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.
ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ബിജുവും സന്ധ്യയും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കടിയില്‍ പെട്ടുപോയി. ഇരുവരുടെയും കാലുകള്‍ പരസ്പരം പിണഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. അവര്‍ക്കു മുകളിലേക്കാണ് കെട്ടിടത്തിന്റെ ബീം തകര്‍ന്നു വീണത്. കോണ്‍ക്രീറ്റ് പാളിക്കു താഴെയായി ഒരു അലമാരയും ഇവര്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മാറി താമസിക്കാനുള്ള നിര്‍ദേശം അധികൃതര്‍ നേരത്തേ തന്നെ നല്‍കിയിരുന്നു. എന്നാല്‍ ബിജുവും സന്ധ്യയും അടുത്തുള്ള കുടുംബ വീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് രാത്രി തിരിച്ചെത്തുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
പുലര്‍ച്ചെ 03.10നാണ് സന്ധ്യയെ പുറത്തെത്തിക്കുന്നത്. ശേഷം ഹിറ്റാച്ചി ഉള്‍പ്പെടെയുള്ളവ എത്തിച്ച് കോണ്‍ക്രീറ്റ് ബമുകള് നീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം 4.50 ഓടെയാണ് പുറത്തെടുത്തത്. ബിജുവിന്റെ അരയ്ക്കുമുകളിലേക്ക് കോണ്‍ക്രീറ്റ് പാളികളും ബീമുകളും പതിച്ചിരുന്നു.
ബിജു തുടക്കം മുതല്ക്കേ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം സന്ധ്യയെ പുലര്‍ച്ചെ നാല് മണിയോടെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്.