തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീ പിടിത്തം

08:25 AM Jun 19, 2025 |


തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ അഗ്‌നിബാധ. അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.

 പ്രാര്‍ത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്‌നിബാധയ്ക്ക് ഇടയാക്കിയത്.

തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ എന്‍ജിനുകള്‍ എത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി പുഷ്പഗിരി ആശുപത്രി അടക്കമുള്ള സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ അണയ്ക്കാനായത്. വിറകുപുര പൂര്‍ണ്ണമായും കത്തി നശിച്ചു. മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അഗ്‌നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല പോലീസും സ്ഥലത്ത് എത്തിയിരുന്നു.