എം ടി വാസുദേവന്‍ നായരുടെ വിയോ?ഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരി പ്രിയ എഎസ്. കരുതലായിരുന്നു എം ടി യു ടെ കാതലെന്നും കൈപിടിച്ച് കേറ്റലാണ് അദ്ദേഹത്തിന്റെ കര്‍മ്മമെന്നും പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു. തനിക്ക് അദ്ദേഹത്തോട് ഏറ്റവും ബഹുമാനം തോന്നിയത് കഥ എഴുതാന്‍ തോന്നാതിരുന്നപ്പോള്‍ കഥയെഴുത്തു നിര്‍ത്തി എന്നതിനോടാണെന്നും പ്രിയ കുറിപ്പില്‍ പറയുന്നു. എം ടിയുമായുള്ള കൂടികാഴ്ചയെ പറ്റിയും ആത്മബന്ധത്തെ പറ്റിയും കുറിപ്പിലുണ്ട്.
കുറിപ്പിന്റെ പൂര്‍ണ രൂപം
രണ്ടു മൂന്നു വര്‍ഷം മുന്‍പാണ് അവസാനമായി എം ടി യെ കണ്ടത്.
Damodar Radhakrishnan ന് വേണ്ടി, പൂര്‍ണ്ണ പബ്ലിക്കേഷന്‍സിലെ Dr K ശ്രീകുമാര്‍ വഴി ആദ്യമായി സിതാരയില്‍ ചെന്നു.
ദാമോദര്‍ ,രണ്ടാമൂഴം വായിച്ചതിന്റെ റെക്കോര്‍ഡ് അതിസൂക്ഷ്മ ശ്രദ്ധയോടെ കേട്ടു. ഞങ്ങള്‍ എന്തൊക്കെയോ മിണ്ടി, ഫോട്ടോയെടുത്തു.
യാത്ര പറയുന്ന നേരം ,രണ്ടാമൂഴമെടുത്തു തന്നു. ഒപ്പിട്ടു.അത്ഭുതവും അവിശ്വസനീയതയും തോന്നി, വളരെ ചെറിയ ഒരു ജീവിയായ ഞാന്‍ വരുന്നുവെന്നറിഞ്ഞ് സ്വന്തം അക്ഷരക്കൂട്ടവുമായി കാത്തിരിക്കുന്ന ഒരു വളരെ വലിയ ആള്...
കരുതലായിരുന്നു എം ടി യു ടെ കാതല്‍.
കൈ പിടിച്ച് കേറ്റലായിരുന്നു പണി.
സൂക്ഷ്മമായ ഓര്‍മ്മയുടെ കൂമ്പാരമായിരുന്നു.
തലമുടി ചായ്ച്ചും ചരിച്ചും കെട്ടുന്നതു പോലെ ഭാഷ വഴങ്ങും പ്രിയയ്ക്ക് എന്ന് കഥയെഴുത്തിനും മുമ്പേ എഴുതിയ ചപലമായ ഒരു കത്തിന് മറുപടിയായെഴുതിയത് ഇന്നും നെഞ്ചിലുണ്ട്.
പിന്നെ കാലം കടന്നു പോകെ, എവിടെ 'പ്രിയ' എന്നു കണ്ടാലും വായിയ്ക്കും എന്ന് ഏതോ അഭിമുഖത്താളില് കണ്ടതും ഉയിരില്‍ കൊണ്ടു നടക്കുന്നുണ്ട് ഈ ചെറു ജീവി.
ഏറ്റവും ബഹുമാനം, കഥ എഴുതാന്‍ തോന്നാതിരുന്നപ്പോള്‍ കഥയെഴുത്തു നിര്‍ത്തി എന്നതിനോടാണ്. 'കാഴ്ച'കൊണ്ട് കഥയ്ക്ക് പൂര്‍ണ്ണ വിരാമമിട്ടു. പക്ഷേ അതിപ്പോഴും ഇന്ന് പുതുതലമുറയിലെ ആരോ എഴുതിയതു പോലെ ,ഏറ്റവും പുതുമയോടെ ആ ക്രാഫ്റ്റിലേക്ക് വിസ്മയക്കണ്ണും നീട്ടി ഞാന്‍ വായിയ്ക്കുന്നു.
എം ടി വയ്യാതെ കിടക്കല്ലേ, വേഗം കടന്നു പോകണേ എന്നാണ് ഈ ദിവസങ്ങളിലൊക്കെ പ്രാര്‍ത്ഥിച്ചത്.
അമ്മയും അച്ഛനും വിതുമ്പുന്നു എംടി പോയതറിഞ്ഞ്.
അവരുടെയൊക്കെ അക്ഷരബന്ധുവായിരുന്നുവല്ലോ, അവരുടെയൊക്കെ ഉള്ളിലായിരുന്നല്ലോ താമസം.
സെവന്ത് ഫോറത്തില്‍ അമ്മ പഠിക്കുമ്പോള്‍, സമ്മാനിതമായ ഏതോ ഒരു വാസുദേവന്‍ നായരുടെ വളര്‍ത്തുമൃഗങ്ങള്‍ ആഴ്ച്ചപ്പതിപ്പില്‍ നിന്ന് കീറി സൂക്ഷിച്ച അമ്മ പിന്നൊരിക്കലും സര്‍ക്കസ് കാണാന്‍ തുനിഞ്ഞില്ല.
ആ ദീര്ഘവീക്ഷണക്കാരി എനിയ്ക്ക് തന്ന അക്ഷര ഗുരുവാണ് ഭൂമി കടന്നു പോകുന്നത്.
ഈ ഗോപുരനടയില്‍ രണ്ടു മൂന്നക്ഷരങ്ങളായി നില്‍ക്കാനായതിന് കാലത്തിന് നന്ദി.
കാലത്തിന്റെ ഉര്വ്വരതയില് ഈ പൂമരം മുളപ്പിച്ചതിന് നന്ദി എന്ന് അനുരാഗത്തിന്റെ ദിനങ്ങളില്‍ എം ടി, ബഷീറിനെ കുറിച്ച് പറയുന്നുണ്ട്. അതു വായിക്കുമ്പോഴൊക്കെ എനിക്കു തോന്നും ഞാന്‍ എം ടി യെ കുറിച്ചു മനസ്സിലോര്ക്കുന്നതാണതെന്ന്...
'അമ്മേങ്കുഞ്ഞുണ്ണീ'മില്‍ പറയുന്നതു പോലെ ,മലയാളത്തില്‍ MT എന്നു വച്ചാല്‍ ഫുള്‍ എന്നാണര്‍ത്ഥം.
ആ നിറവിന്റെ കാല്ക്കല് എന്റെയും യാത്രാ വന്ദനം.
പോയി ദൈവത്തോട് കഥ പറയുക ,E P സുഷമ അനുസ്മരണ വേളയില്‍ തളിക്കുളത്ത് വച്ച് എം ടി അങ്ങനെ പറഞ്ഞിരുന്നു, കഥാകൃത്തുക്കളുടെ മരണം ദൈവത്തിന് കഥ കേള്‍ക്കാന്‍ വേണ്ടിയാണെന്ന്...
അതു ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, നിറഞ്ഞ ഹൃദയത്തോടെ കണ്ണീരില്ലാതെ യാത്രയാക്കുന്നു.