കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോണ്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ ഇയാളുടെ ഉള്ളില്‍ വിഷാശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ആരോഗ്യ നില തൃപ്തികരമാണ്.
രണ്ട് ദിവസമെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടറുമാരുടെ നിര്‍ദേശം. അതിന് ശേഷമായിരിക്കും പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക. നിലവില്‍ ആശുപത്രിയിലുള്ള പ്രതി പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനംകുളത്ത് നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
പ്രതിയെ പൊലീസ് കോട്ടയത്ത് നിന്നാണ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആതിരയുമായി സൗഹൃദത്തിലായ ജോണ്‍സന്‍ ഇവരില്‍ നിന്ന് പണവും തട്ടിയെടുത്തിരുന്നു. ഒപ്പം വരാത്തത് കൊണ്ടാണ് കൊലയെന്നാണ് പൊലീസ് നിഗമനം.
ആതിര കൊല്ലപ്പെട്ട് മൂന്നാം ദിവസമാണ് സുഹൃത്തായ ജോണ്‍സണെ പിടികൂടുന്നത്. ചിങ്ങവനത്തെ ഒരു ഹോം സ്റ്റേയില്‍ നിന്നാണ് ജോണ്‍സണ്‍ പിടിയിലായത്.ഈ ഹോം സ്റ്റേയില്‍ നേരത്തെ ജോലി ചെയ്തിരുന്ന ജോണ്‍സന്‍ സാധനങ്ങളെടുക്കാനാണ് എത്തിയത്. വിഷം കഴിച്ചതായി ജോണ്‍സന്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഉടന്‍ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.