
കമ്പല്ലൂർ: യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തി യുവാവ് തൂങ്ങിമരിച്ച നിലയിൽ. കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സഞ്ജന സ്റ്റോർ ഉടമ കെ.ജി.ബിന്ദുവിന് (47) നേരേയാണ് ആക്രമണമുണ്ടായത്. കമ്പല്ലൂർ സ്വദേശി എം.വി.രതീഷിനെ (39)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിന്ദുവിനെ രതീഷ് നിരന്തരം ശല്യംചെയ്യുന്നത് ചോദ്യംചെയ്തതാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് ചിറ്റാരിക്കാൽ പോലീസ് പറഞ്ഞു.
ബുധനാഴ്ച 11 മണിയോടെയാണ് സംഭവം. ഇരുചക്രവാഹനത്തിലാണ് രതീഷ് കമ്പല്ലൂർ സ്കൂൾപരിസരത്ത് എത്തിയത്. പ്ലാസ്റ്റിക് പാത്രത്തിൽ ആസിഡും പ്ലാസ്റ്റിക് കയറും കരുതിയിരുന്നു. വാഹനം റോഡരികിൽ നിർത്തിയശേഷം പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് പിറകിലൂടെ ബിന്ദുവിന്റെ കടയിലെത്തി. കൈയിൽ കരുതിയിരുന്ന ആസിഡ് പ്ലാസ്റ്റിക് മഗിലേക്ക് മാറ്റി ബിന്ദുവിന് നേരേ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയവരാണ് ബിന്ദുവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ ബിന്ദു തീവ്രപരിചരണവിഭാഗത്തിലാണ്. പെരിങ്ങോത്ത് ടയർ വർക്സ് നടത്തുന്ന രാജേഷിന്റെ ഭാര്യയാണ് ബിന്ദു.
സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ ചിറ്റാരിക്കാൽ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെ രതീഷിനെ കൊല്ലാടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . ആസിഡാക്രമണത്തിനുശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.