അട്ടപ്പാടി: അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. അസം സ്വദേശി നജ്റുൽ ഇസ്ലാം ആണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾക്കൊപ്പം ഭാര്യ പൂനവും പിടിയിലായിട്ടുണ്ട്. അഗളി പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികൾ പെരുമ്പാവൂരിൽ നിന്നു പിടിയിലായത്.
കൊലപാതകം നടത്തിയ ശേഷം പ്രദേശത്തുനിന്ന് മുങ്ങുകയായിരുന്നു ഇയാൾ. അട്ടപ്പാടി മേലെ കണ്ടിയൂരിന് സമീപം റാവുട്ടാൻ കല്ലിലാണ് ജാർഖണ്ഡ് സ്വദേശിയായ രവിയെ ഇന്നലെ കഴുത്ത് അറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആട് വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരനാണ് രവി. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന അസം സ്വദേശികളാണ് കൊലപാതത്തിന് പിന്നിലെന്ന് പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു. തല അറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം.