ദില്ലിയിലെ കേശവ് പുരത്ത് പൂജാരി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചു. പ്രതിയായ ഭര്‍ത്താവ് ദിനേശ് ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സുഷമ ശര്‍മ്മയെ (40) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുറിയില്‍ ആത്മഹത്യ ചെയ്തതായി ദിനേശ് ശര്‍മ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം മുറിയിലെ തറയില്‍ സുഷമയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. 11 വയസ്സുള്ള മകള്‍ അതേ മുറിയിലെ കട്ടിലില്‍ ഉറങ്ങുന്നുണ്ടായിരുന്നു.
ചോദ്യം ചെയ്യലില്‍, ദിനേശ് ശര്‍മ്മ കുറ്റം സമ്മതിച്ചു. തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാള്‍ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്യുകയാണ്. തുടര്‍ന്ന് പോലീസ് മൃതദേഹം ഏറ്റെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ബാബു ജഗ്ജീവന്‍ റാം ആശുപത്രിയിലേക്ക് മാറ്റി
അതേസമയം, പ്രതിയുടെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസ് ഈ വിഷയത്തില്‍ കൃത്യമായി ഇടപെടുന്നില്ലെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
'ഇന്നലെ രാത്രി 12-നും 1-നും ഇടയിലാണ് അവള്‍ മരിച്ചത്. പക്ഷേ, പൊലീസ് ഞങ്ങളെ രാവിലെ 6 മണിക്ക് മാത്രമാണ് വിവരം അറിയിച്ചത്' എന്ന് സുഷമയുടെ സഹോദരന്‍ അശോക് കുമാര്‍ പറഞ്ഞു. ഭക്ഷണത്തെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. 'എന്നാല്‍ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഭര്‍ത്താവിന്റെ വിവാഹേതര ബന്ധമാണ്. ഇത് വര്‍ഷങ്ങളായി സഹോദരി വീട്ടുകാരോട് പരാതി പറഞ്ഞിരുന്ന കാര്യമാണ്,' സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.