ആറ്റുകാൽ പൊങ്കാല ; ഭക്തജനങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ

05:35 PM Mar 12, 2025 | Kavya Ramachandran

ആറ്റുകാൽ പൊങ്കാലക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കേ  തലസ്ഥാന നഗരിയിലേക്ക് ഭക്തർ ഒ‍ഴുകുകയാണ്. കേരളത്തിലെ നാനാഭാഗങ്ങളിൽ നിന്നും  ലക്ഷക്കണക്കിന് ഭക്തര്‍ പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനനഗരിയിലെത്തും. രാവിലെ 10.30 ഓടെ പണ്ഡാര അടുപ്പിൽ തീ പകരും. 1.15നാണ് പൊങ്കാല നിവേദ്യം. പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ സമയത്ത് കണ്ടെയ്നർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവ നഗരാതിർത്തിക്കുള്ളിൽ പ്രവേശിക്കാനോ പാർക്ക് ചെയ്യുന്നിനോ അനുവദിക്കില്ല.

പൊങ്കാല ഇടാനെത്തുന്നവർ തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. ചൂട് കൂടുതലായതിനാൽ നിർജലീകരണം സംഭവിക്കാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലുള്ള സ്ഥലത്തേക്ക് മാറി വൈദ്യസഹായം തേടണം.

ഗതാഗത ക്രമീകരണം
ആറ്റിങ്ങൽ ഭാഗത്തു നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ കഴക്കൂട്ടത്തുനിന്ന് ബൈപാസ് റോഡ് വഴിയും ശ്രീകാര്യം -കേശവദാസപുരം – പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകണം. പേരൂർക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഊളൻപാറ ശാസ്തമംഗലം ഇടപ്പഴഞ്ഞി പൂജപ്പുര വഴി പോകണം. വെഞ്ഞാറമൂട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കേശവദാസപുരം- പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും നെയ്യാറ്റിൻകര ഭാഗത്തു നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലരാമപുരം – വിഴിഞ്ഞം -എൻഎച്ച് ബൈപാസ് വഴിയും പോകണം.

നോ പാർക്കിങ് സ്ഥലങ്ങൾ
∙ കിള്ളിപ്പാലം – പാടശ്ശേരി – ചിറപ്പാലം ബണ്ട് റോഡ്
∙ അട്ടക്കുളങ്ങര- മണക്കാട്- മാർക്കറ്റ് റോഡ്
∙ അട്ടക്കുളങ്ങര – കമലേശ്വരം റോഡ്
∙ കമലേശ്വരം – വലിയപള്ളി റോഡ്
∙കൊഞ്ചിറവിള – ആറ്റുകാൽ റോഡ്
∙ചിറമുക്ക് -ഐരാണിമുട്ടം റോഡ്
∙ കിള്ളിപ്പാലം -അട്ടക്കളങ്ങര റോഡ്
∙ അട്ടക്കുളങ്ങര- ഈഞ്ചക്കൽ റോഡ്
∙ വെട്ടിമുറിച്ച കോട്ട – പടിഞ്ഞാറേകോട്ട റോഡ്
∙മിത്രാനന്ദപുരം – ശ്രീകണ്ഠേശ്വരം
∙പഴവങ്ങാടി – സെൻട്രൽ തിയറ്റർ റോഡ്
∙ പഴവങ്ങാടി – എസ്പി ഫോർട്ട് ഹോസ്പിറ്റൽ റോഡ്
∙ മേലേ പഴവങ്ങാടി – പവർഹൗസ് റോഡ്.
∙ തകരപ്പറമ്പ് റോഡ്
∙ ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്
∙ കൈതമുക്ക് വഞ്ചിയൂർ റോഡ്
∙ വഞ്ചിയൂർ – പാറ്റൂർ റോഡ്
∙ വഞ്ചിയൂർ – നാലുമുക്ക് റോഡ്
∙ ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവർ ബ്രിജ് റോഡ്,
∙ കുന്നുംപുറം – ഉപ്പിടാംമൂട് റോഡ്
∙ ഐരാണിമുട്ടം- കാലടി- മരുതൂർക്കടവ് റോഡ്
∙ ചിറമുക്ക് ചെക്കിട്ടവിളാകം – കൊഞ്ചിറവിള ബണ്ട് റോഡ്.

പൊങ്കാല കഴിഞ്ഞ് തിരികെ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൊങ്കാല കഴിഞ്ഞ് ഭക്തരുമായി കൊല്ലം. ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബൈപാസ് റോഡിൽ ചാക്ക ഭാഗത്ത് നിന്ന് തിരിഞ്ഞ് ഓൾ സെയിൻസ് -വേളി പെരുമാതുറ വഴിയുള്ള തീരദേശ റോഡു വഴിയും വെഞ്ഞാറമൂട്, കിളിമാനൂർ. കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈഞ്ചയ്ക്കൽ ചാക്ക – കഴക്കൂട്ടം ബൈപാസ് റോഡ് വഴിയും പോകണം.

പൊങ്കാല ദിവസം എയർപോർട്ടിലേക്ക് പോകേണ്ട യാത്രക്കാർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും 0471-2558731, 9497930055, 9497987002, 9497987001 9497990005, 9497990006.ഫോൺ നമ്പരുകളിൽ അറിയിക്കണം.