മെല്‍ബണ്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ മെല്‍ബണില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിനിടെ ഓസീസ് ബാറ്റര്‍മാര്‍ പിച്ചിലെ നിരോധിത മേഖലയിലൂടെ നിരന്തരം ഓടിയത് വിവാദമാകുന്നു. പിച്ചില്‍ പാടുകളുണ്ടാകുന്നതോടെ ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്നതിനാല്‍ അമ്പയര്‍മാര്‍ ഇതിന് അനുവദക്കാറില്ല. എന്നാല്‍, ഓസീസ് ബാറ്റര്‍മാരുടെ കടന്നുകയറ്റം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അമ്പയര്‍മാര്‍.
നാലാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്കറും ഇര്ഫാന് പത്താനും ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരുടെ നിലപാടിനെ വിമര്‍ശിച്ചു. സാം കോണ്‍സ്റ്റാസും മര്‍നസ് ലബുഷാഗ്നെയും പിച്ചില്‍ ഓടുന്നത് അമ്പയര്‍മാര്‍ വിലക്കിയില്ലെന്ന് മുന്‍ കളിക്കാര്‍ ചൂണ്ടിക്കാട്ടി.
പിച്ചില്‍ ഓടരുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ലബുഷാഗ്നെയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത് കാണാമായിരുന്നു. കമന്റേറ്റിംഗ് ചുമതലയിലുള്ള ഗവാസ്കറും പത്താനും അമ്പയര്‍മാരുടെ നിലപാടിനെ ചോദ്യം ചെയ്തു.
പിച്ചില്‍ ഓടരുതെന്ന് രോഹിത് ശര്‍മ മാര്‍നസ് ലബുഷാഗ്നെയോട് പറയുന്നു. എന്നാല്‍ ഇത് അമ്പയറുടെ ജോലിയാണെന്ന് പഠാന് പറഞ്ഞു. കോണ്‍സ്റ്റാസും വിഷയത്തില്‍ കുറ്റക്കാരനാണെന്ന് ഗവാസ്കര്‍ ചൂണ്ടിക്കാട്ടി. സാം കോണ്‍സ്റ്റാസും അതുതന്നെ ചെയ്യുകയായിരുന്നു. ആരും മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ഇതിഹാസ താരം പറഞ്ഞു.
ആദ്യദിനം മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഓസീസ് രണ്ടാംദിനം 474 റണ്‍സിന് എല്ലാവരും പുറത്തായി. സ്റ്റീവ് സ്മിത്ത് സെഞ്ച്വറി നേടിയ കളിയില്‍ രണ്ടാംദിനം തകര്‍ച്ചയെ നേരിടുകയാണ് ഇന്ത്യ.