കേക്ക് വിവാദത്തില്‍ മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോകസഭാ തിരഞ്ഞെടുപ്പില്‍ ശ്രീ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും സുനില്‍കുമാറിന് മാറിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ ഫെസ്ബുക്കില്‍ കുറിച്ചു.
കെ സുരേന്ദ്രന്‍ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലോകസഭാ തിരഞ്ഞെടുപ്പില്‍ ശ്രീ. സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും എന്റെ സുഹൃത്ത് ശ്രീ വി എസ് സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല എന്നു തോന്നുന്നു പുതിയ പ്രതികരണം കാണുമ്പോള്‍. ഈ ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും ഞാന്‍ പോയി കാണുകയും കേക്കു നല്‍കുകയും ആശംസകള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല. ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കില്‍ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടുതാനും. സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്. അദ്ദേഹം എന്ന സ്‌നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. എന്റെ ഉള്ളിയേരിയിലെ വീട്ടില്‍ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ. കാര്യങ്ങള്‍ ഇങ്ങനെയൊക്കയാണെങ്കിലും സുനില്‍ എന്നും എന്റെ ഒരു നല്ല സുഹൃത്തുതന്നെ....