ബാഹുബലി എറ്റേർണൽ വാർ ; അണിയറയിൽ ആർകെയ്‌ൻ സീരീസിന്റെ നിർമ്മാതാക്കൾ

07:43 PM Nov 06, 2025 | Kavya Ramachandran

രാജമൗലിയുടെ ബാഹുബലി യൂണിവേഴ്‌സിലെ അടുത്ത ചിത്രമായ ബാഹുബലി : എറ്റേർണൽ വാർ ആനിമേഷൻ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മരണത്തിന് ശേഷം ബാഹുബലിയുടെ ആത്മാവ് സ്വർഗ്ഗ ലോകത്തിൽ ദേവന്മാരുടെയും അസുരന്മാരുടെയും യുദ്ധത്തിന് നടുവിൽ ചെന്നെത്തുന്നതാണ് ചിത്രത്തിന്റെ കഥ.

രണ്ട് ഭാഗങ്ങളടങ്ങിയ എറ്റേർണൽ വാറിന്റെ അടുത്ത ഭാഗം എപ്പോഴാണ് റിലീസെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടില്ല. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ കോർത്തിണക്കിയ ദി എപ്പിക്ക് എന്ന ചിത്രത്തിന്റെ തീയേറ്റർ പ്രീമിയറിലായിരുന്നു എറ്റേർണൽ വാറിന്റെ ടീസർ പ്രദർശിപ്പിച്ചത്.

ടീസർ ആരംഭിക്കുന്നത് ബാഹുബലിയുടെ മരണശേഷമുള്ള നിയോഗത്തെ പറ്റി വിവരിക്കുന്ന രമ്യ കൃഷ്ണന്റെ ശിവഗാമി ദേവിയെന്ന കഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെയാണ്. പിന്നെ ബാഹുബലിക്കായി ഒരു അസുരനും ദേവേന്ദ്രനും തമ്മിൽ നടക്കുന്ന പോരിനിടയിലേയ്ക്ക് ബാഹുബലി ആനകൾ വലിക്കുന്ന രഥവുമായി വന്നെത്തുന്ന രംഗത്തിലൂടെയാണ് ടീസർ അവസാനിക്കുന്നത്.

Trending :

ആർകെയ്‌ൻ : ലീഗ് ഓഫ് ലെജൻഡ്സ് സൂപ്പർഹിറ്റ് ആനിമേഷൻ സീരീസിന്റെ അണിയറയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ കമ്പനിയാണ് ബാഹുബലി എറ്റേർണൽ വാറിന് പിന്നിലും പ്രവർത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇഷാൻ ശുക്ല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിൽ പ്രഭാസ് ശബ്ദം നൽകിയിട്ടുമുണ്ടെങ്കിലും ചിത്രത്തിലുടനീളം അദ്ദേഹത്തിന്റെ ശബ്ദ സാന്നിധ്യമുണ്ടാകുമോ എന്നത് സംശയമാണ്.