ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ മേഖലകളിലേക്കുള്ള യാത്രക്കാര്‍ക്ക് അനുവദിച്ച സൗജന്യ ചെക്ക് ഇന്‍ ബഗേജ് പരിധി 30 കിലോഗ്രാം ആയി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം എയര്‍ലൈന്‍ അധികൃതര്‍ നടത്തിയത്. യുഎഇ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസകരമായി മാറിയിരിക്കുകയാണ് ഈ പ്രഖ്യാപനം.
യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുമായി ഇന്ത്യയില്‍ നിന്നും അവിടങ്ങളില്‍ നിന്ന് തിരിച്ചും നിരവധി വിമാന സര്‍വ്വീസുകള്‍ നടത്തുന്ന എയര്‍ലൈന്‍ കമ്പനിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. 30 കിലോ ചെക്ക് ഇന്‍ ബഗേജിന് പുറമേ, 7 കിലോഗ്രാം കാബിന് ബഗേജും എയര്‍ ഇന്ത്യ എക്സ്പ്രസ് അനുവദിക്കും. കാബിന് ബഗേജായി രണ്ട് ബാഗുകള്‍ വരെ കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് സാധിക്കും. ഇത് കൂടാതെ, ചെറിയ ബാഗോ, ലാപ്ടോപ് ബാഗോ യാത്രക്കാരുടെ കൈവശം സൂക്ഷിക്കാനും കമ്പനി അവസരമൊരുക്കുന്നുണ്ട്.
ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് 10 കിലോഗ്രാം അധിക ചെക്ക്-ഇന്‍ ബഗേജും യാത്രാവേളയില്‍ കൊണ്ടുപോകാന്‍ കഴിയും. ഇതോടെ ഇവര്‍ക്ക് ആകെ കൊണ്ടുപോകാന്‍ കഴിയുന്ന ബഗേജിന്റെ ഭാരം 47 കിലോഗ്രാം ആയി വര്‍ധിക്കും. 7 കിലോഗ്രാമിന്റെ കാബിന് ബഗേജ് ഉള്‍പ്പടെയാണിത്.