ഹൈദരാബാദ് : ബീഫ് വിറ്റതിന് ഹൈദരാബാദിലെ കേരള റസ്റ്ററന്റ് അടപ്പിച്ച് ബജ്രംഗ്ദൾ. ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യുനിവേഴ്സിറ്റിക്ക് സമീപത്തെ ജോഷിയേട്ടൻസ് കേരള തട്ടുകടയെന്ന ഹോട്ടലാണ് ബജ്രംഗ്ദൾ പ്രവർത്തകരെത്തി നിർബന്ധപൂർവം അടപ്പിച്ചത്. ഹോട്ടലിലെ അക്രമസംഭവത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം റസ്റ്ററന്റിലെത്തിയ വി.എച്ച്.പി, ബജ്രംഗ്ദൾ പ്രവർത്തകർ ആളുകളോട് പുറത്ത് പോകാൻ പറയുകയായിരുന്നു. ബീഫ് വിറ്റതിന് റസ്റ്ററന്റ് അടപ്പിക്കുകയാണെന്നാണ് വി.എച്ച്.പി, ബജ്രംഗ്ദൾ പ്രവർത്തകർ പറഞ്ഞുവെന്ന് ഇഫ്ലു യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ പറഞ്ഞു. ഹോട്ടലിനെതിരെ പെട്ടെന്ന് പ്രകോപനമുണ്ടാവാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.
അതേസമയം, ഇതുസംബന്ധിച്ച് പ്രതികരണം നടത്താൻ ഒസ്മാനിയ പൊലീസ് തയാറായില്ല. എന്നാൽ, അക്രമമുണ്ടായപ്പോൾ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അതേസമയം, ഹൈദരാബാദിൽ ബീഫ് വിൽക്കുന്നതിന് വിലക്കുകളൊന്നുമില്ല. എങ്കിലും ഹൈദരാബാദിൽ പല റസ്റ്ററന്റുകളിൽ ബീഫ് വിൽക്കാറില്ല. ഇതാദ്യമായാണ് നഗരത്തിൽ ഭക്ഷണത്തിന്റെ പേരിൽ ഇത്തരമൊരു ആക്രമണം നടക്കുന്നത്.