+

വായു മലിനീകരണത്തിൽ വീർപ്പുമുട്ടിയ ഡൽഹിയിൽ കൃത്രിമ മഴ ; ആദ്യ പരീക്ഷണം വിജയം

വായു മലിനീകരണത്തിൽ വീർപ്പുമുട്ടിയ ഡൽഹിയിൽ കൃത്രിമ മഴ ; ആദ്യ പരീക്ഷണം വിജയം

ന്യൂഡൽഹി: അന്തരീക്ഷ വായു മലിനീകരണത്തിൽ വീർപ്പുമുട്ടിയ ഡൽഹിയിൽ കൃത്രിമ മഴക്കുള്ള ആദ്യ പരീക്ഷണം നടന്നു. ഐ.ഐ.ടി കാൺപുർ നിയന്ത്രിച്ച സെസ്‍ന വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. ഡൽഹി പരിസ്ഥിതി വകുപ്പ് തയാറെടുപ്പുകൾ ഏകോപിപ്പിച്ചു. ദേശീയ തലസ്ഥാന മേഖലയിലെ ഖേകഡ മുതൽ ബുറാഡി വരെയാണ് കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് പ്രക്രിയ നടത്തിയത്.

മേഘങ്ങളിലേക്ക് പ്രത്യേക രാസവസ്തുക്കൾ വിതറിയാണ് ജലകണങ്ങൾ സൃഷ്‍ടിക്കുക. സിൽവർ അയഡൈഡ്, സോഡിയം ക്ലോറൈഡ്, ഡ്രൈ ഐസ് എന്നിങ്ങനെയുള്ള രാസപദാർഥങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ വിമാനങ്ങളിലോ റോക്കറ്റുകളിലോ മേഘവിതാനത്തിന് മീതെ വിതറും. കരയിൽ സ്ഥാപിച്ച യന്ത്രങ്ങളിൽനിന്ന് ഇവ മേഘപാളികളിലേക്ക് തൊടുത്തുവിടുന്ന വിധവുമുണ്ട്. കടുത്ത വരൾച്ചയെ അതിജീവിക്കാനും, രൂക്ഷമായ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുമൊക്കെയാണ് ഈ കൃത്രിമ മാർഗത്തെ അവലംബിക്കാറുള്ളത്. ആകാശത്ത് വേണ്ടത്ര മേഘങ്ങൾ ഉണ്ടായിരിക്കുമ്പോഴാണ് ഇത് പ്രാവർത്തികമാകുക.

ഈ ദിവസങ്ങളിൽ ഡൽഹിക്ക് മീതെ വേണ്ടത്ര മേഘങ്ങളില്ലാത്തതാണ് കൃത്രിമ മഴ വൈകിക്കാൻ കാരണം. ഒക്ടോബർ 28, 29, 30 തീയതികളിൽ ആവശ്യത്തിന് മേഘങ്ങൾ ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മിക്കവാറും ഈ ദിവസങ്ങളിൽ ഡൽഹിയിൽ ഏവരുടെയും സംസാര വിഷയവും പ്രതീക്ഷയുമായ കൃത്രിമ മഴ പെയ്യാനാണ് സാധ്യത.പരീക്ഷണം വിജയകരമാണെന്നും തയാറെടുപ്പുകൾ പൂർണമാണെന്നും മുഖ്യമന്ത്രി രേഖാ ഗുപ്‍ത സമൂഹ മാധ്യമ പ്ലാറ്റ്‍ഫോമായ എക്‌സിലെ പോസ്റ്റിൽ അറിയിച്ചു.

facebook twitter