ഇടുക്കി: രാമക്കൽമേട് ഗ്രീൻ എനർജി കോറിഡോർ പദ്ധതിയുടെ ഭാഗമായുളള കുത്തുങ്കൽ-നെടുങ്കണ്ടം 110 കെവി വൈദ്യുത ലൈനിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശ് ചെറുവാട്ടിന്റെ അധ്യക്ഷതയിൽ കെഎസ്ഇബി അധികൃതരുമായും ആക്ഷൻ കൗൺസിൽ അംഗങ്ങളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം. വൈദ്യുത ലൈനിന്റെ അലൈൻമെന്റ് സംബന്ധിച്ച സർവേ തുടരാനും എന്നാൽ സ്ഥലമുടകൾക്ക് നോട്ടീസ് നൽകുന്നത് നിർത്തിവയ്ക്കാനും യോഗത്തിൽ ധാരണയായി. അലൈൻമെന്റ് സംബന്ധിച്ച പൂർണ വിവരങ്ങൾ ഒരാഴ്ചയ്ക്കകം സ്ഥലമുടകൾക്ക് കൈമാറും.
സ്ഥലം വിട്ടു നൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജനജീവിതത്തെ ബാധിക്കാത്ത വിധത്തിൽ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ശ്രമം. സ്ഥലം വിട്ടു നൽകുന്നവർക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനമെടുക്കും. പട്ടയമില്ലാത്തവരുടെയും എന്നാൽ പട്ടയത്തിന് അർഹതയുള്ളതുമായ ഭൂമിക്ക് പട്ടയമുള്ള ഭൂമിയുടേതിന് സമാനമായ രീതിയിൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ശ്രമിക്കും. കെഎസ്ഇബി നടത്തുന്ന സർവേയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ഏതെല്ലാം സ്ഥലങ്ങളിലൂടെയാണ് ലൈൻ കടന്നു പോകുന്നതെന്നതു സംബന്ധിച്ച സർവേ ഒരു മാസത്തിനകം പൂർത്തീകരിക്കാൻ മന്ത്രി നിർദേശിച്ചു.
ഇത്തരത്തിൽ മുൻപ് നടത്തിയ സ്ഥലമേറ്റെടുപ്പിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ കെഎസ്ഇബിക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. ഡീൻ കുര്യാക്കോസ് എംപി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, കെഎസ്ഇബി ട്രാൻസ്ഗ്രിഡ് സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എസ്. ശ്രീകുമാർ, കെഎസ്ഇബി ട്രാൻസ്ഗ്രിഡ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി. ഹരികുമാർ, കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സീന ജോർജ്, ആക്ഷൻ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.