ന്യൂഡല്‍ഹി: യൂണിയന്‍ ധനകാര്യ മന്ത്രാലയം നിയന്ത്രിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് ഏകദേശം 3.9 ബില്യണ്‍ ഡോളര്‍ (ഏകദേശം 34,500 കോടി രൂപ) നിക്ഷേപിക്കാന്‍ പദ്ധതിയിട്ടതായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഒരു അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 2025 മേയിലാണ് ഈ സംഭവം നടന്നത്.
അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റികളുടെ സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും, ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഈ നിക്ഷേപം വേഗത്തില്‍ അംഗീകരിച്ചു. അമേരിക്കന്‍ അഴിമതി അന്വേഷണത്തെത്തുടര്‍ന്ന് ആഗോള ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് വായ്പ നല്‍കാന്‍ മടിച്ചപ്പോള്‍, അദാനി ഗ്രൂപ്പിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഈ നീക്കം നടന്നത്.
ധനകാര്യ മന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പ്, നീതി ആയോഗ് എന്നിവയുമായി ചേര്‍ന്ന് അദാനി ഗ്രൂപ്പിലേക്കുള്ള നിക്ഷേപ പദ്ധതി തയ്യാറാക്കി. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തുടങ്ങിയ കമ്പനികളിലേക്കാണ് 3.4 ബില്യണ്‍ ഡോളര്‍ ബോണ്ട് നിക്ഷേപങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചത്.
പത്തു വര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളെ അപേക്ഷിച്ച് കൂടുതല്‍ റിട്ടേണ്‍ ഇതുവഴി ലഭിക്കുമെന്ന് പദ്ധതി പറയുന്നു. അതോടൊപ്പം, ഫണ്ടുകള്‍ ഉപയോഗിച്ച് അമ്പുജ സിമന്റ്‌സ്, ഗ്രീന്‍ എനര്‍ജി തുടങ്ങിയ അദാനി കമ്പനികളിലെ ഇക്വിറ്റി ഷെയറുകള്‍ വാങ്ങാനും നിര്‍ദേശമുണ്ട്.
രാജ്യത്തെ സാധാരണക്കാരുടെ സേവിംഗ്‌സ് സൂക്ഷിക്കുന്ന എല്‍ഐസി അപകടസാധ്യതയുള്ള നിക്ഷേപങ്ങള്‍ക്ക് കൂട്ടുനിന്നത് ദുരൂഹമാണ്. എല്‍ഐസി സാധാരണയായി ദീര്‍ഘകാല, കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
അദാനി പോര്‍ട്ട്സിനായി 58.50 കോടി ഡോളറിന്റെ ബോണ്ട് എല്‍ഐസി മാത്രം നല്‍കിയതായി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. കടം തീര്‍ക്കുന്നതിനായി 58.50 കോടി ഡോളര്‍ അദാനി ഗ്രൂപ്പ് സമാഹരിക്കേണ്ടിയിരുന്ന അതേ മാസം തന്നെയാണ് എല്‍ഐസി നിക്ഷേപകരായി രംഗത്തെത്തിയതും കൃത്യം ഈ തുക തന്നെ ലഭ്യമാക്കിയതും.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അദാനി ഗ്രൂപ്പിന്റെ കടബാധ്യതയില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കുടിശ്ശികയുടെ സമയ പരിധി കടക്കുകയും ചെയ്തിരുന്നതിനാല്‍ യുഎസ്, യൂറോപ്യന്‍ ബാങ്കുകള്‍ അദാനിക്ക് ധനസഹായം ലഭ്യമാക്കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എല്‍ഐസി പോലെയുള്ള സ്ഥാപനത്തെ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനായി ഉപയോഗിച്ചത്.
യുഎസില്‍ അഴിമതി, വഞ്ചന കുറ്റങ്ങള്‍ നേരിടുന്ന അദാനിയെ വെളുപ്പിക്കാനും നിക്ഷേപകര്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കാനുമായിരുന്നു മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.